ഇടിമിന്നലോടെ മഴ; വേണം ജാഗ്രത

Friday 17 March 2023 12:02 AM IST
minnal

കോഴിക്കോട്: കടുത്ത ചൂടിന് ആശ്വാസമായി വേനൽ മഴ എത്തുമെങ്കിലും ഇടിമിന്നലിന് സാദ്ധ്യതയുള്ളതിനാൽ ജാഗ്രതാ നിർദ്ദേശവുമായി കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. 19 വരെ ഇടിമിന്നലോടെ മഴ പെയ്യുമെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ വിലയിരുത്തൽ. ഇടിമിന്നൽ ജീവന് ഭീഷണിയാകുന്നതിനാൽ കാർമേഘം കാണുന്ന സമയം മുതൽ മുൻകരുതൽ സ്വീകരിക്കണമെന്ന് കാലാവസ്ഥാ വിഭാഗം മുന്നറിയിപ്പ് നൽകുന്നു.

മുന്നറിയിപ്പ് നിർദ്ദേശങ്ങൾ

ഇടിമിന്നലിന്റെ ആദ്യ ലക്ഷണം കണ്ടാൽ തുറസായ സ്ഥലങ്ങളിൽ നിന്ന് സുരക്ഷിതമായ കെട്ടിടത്തിനുള്ളിലേക്ക് മാറുക.

ശക്തമായ കാറ്റിനും ഇടിമിന്നലിനും സാദ്ധ്യതയുള്ള ഘട്ടത്തിൽ ജനലും വാതിലും അടച്ചിടുക. വാതിലിനും ജനലിനും അടുത്ത് നിൽക്കാതിരിക്കുക. ഭിത്തിയിലോ തറയിലോ സ്പർശിക്കാതിരിക്കാൻ ശ്രമിക്കുക. ഗൃഹോപകരണങ്ങളുടെ വൈദ്യുതി ബന്ധം വിഛേദിക്കുക. ടെലിഫോൺ ഉപയോഗം ഒഴിവാക്കണം. തുറസായ സ്ഥലത്തും ടെറസിലും കളിക്കുന്നത് ഒഴിവാക്കുക.

വൃക്ഷങ്ങളുടെ ചുവട്ടിൽ നിൽക്കരുത്. വാഹനങ്ങൾ മരച്ചുവട്ടിൽ പാർക്ക് ചെയ്യരുത്. വാഹനത്തിനകത്ത് തന്നെ തുടരുക. സൈക്കിൾ, ബൈക്ക്, ട്രാക്ടർ തുടങ്ങിയ വാഹനങ്ങളിലുള്ള യാത്ര ഒഴിവാക്കുക. തുണികൾ എടുക്കാൻ ടെറസിലേക്കോ, മുറ്റത്തേക്കോ പോകരുത്. കുളിക്കുന്നത് ഒഴിവാക്കുക. ടാപ്പുകളിൽ നിന്ന് വെള്ളം ശേഖരിക്കുന്നത് ഒഴിവാക്കുക. ജലാശയത്തിൽ മീൻ പിടിക്കാനോ കുളിക്കാനോ ഇറങ്ങാൻ പാടില്ല. പട്ടം പറത്തുന്നത് ഒഴിവാക്കുക. ടെറസിലോ ഉയരമുള്ള സ്ഥലങ്ങളിലോ വൃക്ഷ കൊമ്പിലോ ഇരിക്കരുത്. വളർത്തു മൃഗങ്ങളെ തുറസായ സ്ഥലത്ത് കെട്ടരുത്. കെട്ടിടങ്ങൾക്കു മുകളിൽ മിന്നൽ ചാലകം സ്ഥാപിക്കാം. വൈദ്യതോപകരണങ്ങളുടെ സുരക്ഷക്കായി സർജ്ജ് പ്രോട്ടക്ടർ ഘടിപ്പിക്കാം.