ഓമല്ലൂർ വയൽവാണിഭം, ചട്ടിയും കൂജയും ഉരലും ഉലക്കയും, പിന്നെ ഹൽവയും തേൻമിഠായിയും

Friday 17 March 2023 12:18 AM IST
ഓമല്ലൂർ വയൽ വാണിഭം

ഓമല്ലൂർ : പഴമയും പുതുമയും കൈകോർക്കുന്ന ഓമല്ലൂർ വയൽവാണിഭ ഭൂമിയിലേക്ക് നാട്ടുത്തനിമ തേടി നിരവധിയാളുകൾ എത്തിത്തുടങ്ങി.

വിളകളുമായി കർഷകരും കച്ചവടക്കാരും വയൽ വാണിഭത്തിൽ സജീവമായി. വടക്കൻ ജില്ലകളിൽ നിന്നടക്കം വയൽവാണിഭത്തിനായി കച്ചവടക്കാർ ജില്ലയിലെത്തുന്നുണ്ട്. കരിമണൽ ചട്ടിയുടെയും മൺചട്ടിയുടേയും വിൽപ്പന ഇത്തവണയും പൊടിപൊടിക്കുകയാണ്. നൂറുരൂപ മുതലുള്ള ചട്ടികൾ ഇക്കൂട്ടത്തിലുണ്ട്. ആലുവ, തഞ്ചാവൂർ ചട്ടികൾക്ക് ആവശ്യക്കാരേറെയാണ്. മണ്ണുകൊണ്ടുള്ള കൂജകളും അലങ്കാരപാത്രങ്ങളുമെല്ലാം വിൽപനയ്ക്കുണ്ട്. ഉരൽ, ഉലക്ക, പ്ലാവിൽ തീർത്ത പറ, നാഴി, ചങ്ങഴി, നാടൻ കറിക്കത്തികൾ, കാർഷിക ഉപകരണങ്ങൾ ഇവയൊക്കെ വയൽ വാണിഭത്തിന്റെ പ്രധാന ആകർഷണങ്ങളാണ്. കാർഷികായുധങ്ങൾ ഉറപ്പിച്ചുകൊടുക്കാൻ പ്രത്യേക ആളുകളുമുണ്ട്. വിവിധ രുചികളിലും വർണങ്ങളിലും കോഴിക്കോടൻ ഹൽവയും തേൻമിഠായിയും കപ്പലണ്ടി മിഠായിയും പുളിമിഠായിയുമടക്കമുള്ള മധുരങ്ങളും ഉപ്പേരികളും എല്ലാം വയൽവാണിഭത്തിലുണ്ട്.