ജനകീയ പ്രതിരോധ ജാഥയുടെ ജില്ലയിലെ പര്യടനം പൂർത്തിയായി

Thursday 16 March 2023 11:59 PM IST

കൊല്ലം: സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ മാസ്റ്റർ നയിക്കുന്ന ജനകീയ പ്രതിരോധ യാത്രയുടെ ജില്ലയിലെ പര്യടനം പൂർത്തിയായി. കുണ്ടറയിൽ നിന്നായിരുന്നു ജില്ലയിലെ മൂന്നാം ദിവസത്തെ പര്യടനം തുടങ്ങിയത്‌. കൊല്ലത്തെ പൗരസംഗമത്തിനും കൂടിക്കാഴ്‌ചയ്‌ക്കും ശേഷമാണ് രാവിലെ പര്യടനം ആരംഭിച്ചത്‌. സന്തോഷ് ട്രോഫി കോച്ച് പി.വി.രമേശ്, യാക്കോബായ സഭയിലെ ഫാ. പോൾമാത്യു, ഓർത്തഡോക്‌സ് സഭയിലെ ഷാലുജോൺ തുടങ്ങിയവർ കുണ്ടറയിൽ ജാഥാ ക്യാപ്ടനെ വരവേറ്റു. മുൻ മന്ത്രി ജെ.മേഴ്‌സിക്കുട്ടിഅമ്മ ക്യാപ്ടനെയും അംഗങ്ങളെയും ഹാരമണിയിച്ചു.

ചാത്തന്നൂരിലും വൻജനാവലി ജാഥയെ വരവേറ്റു. തെയ്യവും കോൽക്കളിയും അമ്മൻകുടവും ഉത്സവച്ഛായ പകർന്നു. വൈകിട്ട് നാലോടെയാണ് ജാഥ കടയ്ക്കലിൽ എത്തിയത്. കടയ്ക്കലിലെ യോഗത്തിൽ മന്ത്രി കെ.എൻ.ബാലഗോപാൽ പങ്കെടുത്തു. വിവിധ കേന്ദ്രങ്ങളിൽ ജാഥാ മാനേജർ പി.കെ.ബിജു, അംഗങ്ങളായ സി.എസ്.സുജാത, എം.സ്വരാജ്, കെ.ടി.ജലീൽ, ജെയ്ക്.സി.തോമസ് എന്നിവർ സംസാരിച്ചു.