സ്വകാര്യ ആശുപത്രികളിലടക്കം ഇന്ന് ഡോക്ടർമാരുടെ സമരം, മെഡി.കോളേജുകളും സ്തംഭിക്കും, അടിയന്തര ചികിത്സ മാത്രം

Friday 17 March 2023 12:00 AM IST

തിരുവനന്തപുരം: ആശുപത്രി ആക്രമണങ്ങളിലും ഡോക്ടർമാർക്ക് നേരെയുള്ള അതിക്രമങ്ങളിലും പ്രതിഷേധിച്ച് ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ ഇന്ന് നടത്തുന്ന സമരത്തിൽ മെഡിക്കൽ കാേളേജുകൾ ഉൾപ്പെടെ സർക്കാർ,സ്വകാര്യ ആശുപത്രികൾ ഒരുപോലെ സ്തംഭിക്കും.

ആശുപത്രി മാനേജ്മെന്റുകളും സമരത്തെ പിന്തുണയ്ക്കുന്നുണ്ട്.

രാവിലെ ആറ് മുതൽ വൈകിട്ട് ആറുവരെയാണ് സമരം. അത്യാഹിതവിഭാഗത്തിലെ ചികിത്സയും അടിയന്തര ശസ്ത്രക്രിയകളും മാത്രമാകും നടത്തുക. അടിയന്തര ചികിത്സയ്ക്ക് അല്ലാതെ ഇന്ന് ആശുപത്രികളിലെത്തരുതെന്നും സമരത്തോട് സഹകരിക്കണമെന്നും ഡോക്ടർമാരുടെ സംഘടനകൾ അഭ്യർത്ഥിച്ചു. സർക്കാർ,സ്വകാര്യ മേഖലയിലെ സംഘടനകളായ കെ.ജി.എം.ഒ.എ, കെ.ജി.എം.സി.ടി.എ, കെ.ജി.എസ്.ഡി.എ, കെ.ജി.ഐ.എം.ഒ.എ, ക്യു.പി.എം.പി.എ, പോസ്റ്റ് ഗ്രാജുവേറ്റീവ് സ്റ്റുഡൻസ് അസോസിയേഷൻ, സ്വകാര്യ ആശുപത്രി മാനേജ്‌മെന്റ്, കോർപ്പറേറ്റ് ആശുപത്രികൾ ഉൾപ്പെടെയുള്ള മെഡിക്കൽ മാനേജ്‌മെന്റുകൾ, 40സ്‌പെഷ്യാലിറ്റി ഓർഗനൈസേഷനുകൾ ഉൾപ്പെടെ പിന്തുണ പ്രഖ്യാപിച്ചതോടെ രോഗികൾ വലയുമെന്ന് ഉറപ്പായി. തിരുവനന്തപുരം ആനയറയിലെ ഐ.എം.എ ആസ്ഥാനത്ത് ആയിരത്തോളം ഡോക്ടർമാർ ധർണയും നടത്തും. രാവിലെ 10.30ന് ഐ.എം.എ സംസ്ഥാന പ്രസിഡന്റ് ഡോ. സുൾഫി എൻ. ഉദ്ഘാടനം ചെയ്യും. ജില്ലാ കേന്ദ്രങ്ങളിൽ അതത് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിലും ധർണ നടത്തും.

രാഷ്ടട്രപതിയുടെ സന്ദർശനം കാരണം സെക്രട്ടേറിയറ്റിന് മുന്നിൽ ഉൾപ്പെടെ പ്രതിഷേധങ്ങൾക്ക് വിലക്കുള്ളതിനാലാണ് ഐ.എം.എ ആസ്ഥാനത്ത് സംഘടിക്കുന്നത്.

കോഴിക്കോട് ഫാത്തിമ ആശുപത്രിയിൽ മുതിർന്ന കാർഡിയോളജിസ്റ്റിനെ പൊലീസിന്റെ സാന്നിദ്ധ്യത്തിൽ മർദ്ദിച്ച പ്രതികൾ രക്ഷപ്പെടുകയും അവരെ പിടികൂടുന്നതിൽ പൊലീസ് അലംഭാവം കാട്ടുകയും ചെയ്യുന്നതിൽ പ്രതിഷേധിച്ചാണ് ഡോക്ടർമാരുടെ സമരം. ആരോഗ്യമന്ത്രിയെ നേരത്തെ അറിയിച്ചിട്ടുണ്ടെന്ന് ഐ.എം.എ ഭാരവാഹികൾ അറിയിച്ചു. എന്നാൽ മന്ത്രി പ്രതികരിച്ചിട്ടില്ല.