ജാതി വിവേചനം: ഓച്ചിറയിൽ നാളെ നാമജപയജ്ഞവും ഭക്തജന സംഗമവും
കരുനാഗപ്പള്ളി: ഓച്ചിറ പരബ്രഹ്മ ക്ഷേത്ര ഭരണസമിതി പ്രാതിനിദ്ധ്യത്തിലെ ജാതി വിവേചനത്തിനെതിരെ നാളെ വൈകിട്ട് 3 മുതൽ ഓച്ചിറ പരബ്രഹ്മ ക്ഷേത്ര മൈതാനിയിൽ നാമജപയജ്ഞവും ഭക്തജന സംഗമവും നടത്തും. എസ്.എൻ.ഡി.പി യോഗം കരുനാഗപ്പള്ളി, കായംകുളം, ചാരുംമൂട് യൂണിയനുകളുടെ സംയുക്താഭിമുഖ്യത്തിലാണ് പരിപാടി. ക്ഷേത്ര ഭരണസമിതിയെ പിരിച്ചുവിട്ട് കോടതി നിയോഗിച്ച ഭരണസമിതിയിൽ റിസീവർ ഉൾപ്പെടെയുള്ള ഏഴുപേരിൽ ആറുപേരും മുന്നാക്ക പ്രതിനിധികളാണ്. ഓണാട്ടുകരയിൽ 65 ശതമാനത്തോളം വരുന്ന ഈഴവ സമുദായത്തിൽ നിന്ന് ഒരാളെപ്പോലും ഭരണസമിതിയിൽ ഉൾപ്പെടുത്താത്തതിനെതിരെ ശക്തമായ പ്രതിഷേധം ഉയരുകയാണ്. ഇതിന്റെ ഭാഗമായാണ് നാളെ നാമജപയജ്ഞവും ഭക്തജന സംഗമവും നടത്തുന്നത്. യോഗം കൗൺസിലർ പി.ടി.മന്മഥൻ ഉദ്ഘാടനം ചെയ്യും. കരുനാഗപ്പള്ളി യൂണിയൻ പ്രസിഡന്റും സ്വാഗതസംഘം ചെയർമാനുമായ കെ.സുശീലൻ അദ്ധ്യക്ഷനാകും. കരുനാഗപ്പള്ളി യൂണിയൻ സെക്രട്ടറി എ.സോമരാജൻ, കായംകുളം യൂണിയൻ പ്രസിഡന്റ് വി.ചന്ദ്രദാസ്, ചാരുമൂട് യൂണിയൻ ചെയർമാൻ വി.ജയകുമാർ, കൺവീനർ ബി.സത്യപാൽ എന്നിവർ മുഖ്യ പ്രഭാഷണം നടത്തും. കായംകുളം യൂണിയൻ സെക്രട്ടറി പി.പ്രദീപ് ലാൽ സ്വാഗതവും യോഗം ബോർഡ് മെമ്പർ കെ.ജെ.പ്രസേനൻ നന്ദിയും പറയും. കരുനാഗപ്പള്ളി യൂണിയനിൽ നിന്നെത്തുന്ന പ്രവർത്തകർ ഓച്ചിറ ക്ഷേത്രത്തിന് തെക്കുള്ള പഴയ ദേശീയപാതയോരത്തും കായംകുളം, ചാരുംമൂട് യൂണിയനിൽ നിന്നെത്തുന്നവർ ഓച്ചിറ വടക്കേ പള്ളിമുക്കിലും കേന്ദ്രീകരിച്ച് പ്രകടനമായി ഓച്ചിറ ക്ഷേത്ര ഗോപുരത്തിന് മുന്നിലെത്തിയ ശേഷമാണ് ക്ഷേത്ര മൈതാനിയിലേക്ക് കടക്കുന്നത്. പരിപാടിയുടെ ഭാഗമായി ഓച്ചിറ പരബ്രഹ്മ ക്ഷേത്ര പരിധിയിലെ 52 കരകളിലും വിപുലമായ മേഖലാ സമ്മേളനങ്ങൾ പൂർത്തിയാക്കിയിരുന്നു. ശാഖാ ഭാരവാഹികൾ, വനിതാസംഘം- യൂത്ത് മൂവ്മെന്റ് നേതാക്കൾ, പ്രവർത്തകർ, മൈക്രോഫിനാൻസ് അംഗങ്ങൾ തുടങ്ങിയവർ പങ്കെടുക്കുമെന്ന് കരുനാഗപ്പള്ളി യൂണിയൻ പ്രസിഡന്റ് കെ.സുശീലൻ, വൈസ് പ്രസിഡന്റ് എസ്.ശോഭനൻ, സെക്രട്ടറി എ.സോമരാജൻ എന്നിവർ അറിയിച്ചു.