നാട്ടു നാട്ടു ലോകത്തിന്റെ നെറുകയിൽ, അഭിമാനത്തോടെ കൊല്ലംകാരൻ യാസിൻ

Friday 17 March 2023 12:06 AM IST

കൊല്ലം: നാട്ടു നാട്ടു പാട്ടിലൂടെ കീരവാണി ലോകത്തിന്റെ നെറുകയിലേക്ക് ഉയർന്നപ്പോൾ കൊല്ലം കാരനായ യുവഗായകൻ യാസിന് അത് അഭിമാന നിമിഷമായി. ആർ ആർ സിനിമയുടെ തമിഴ്, മലയാളം പതിപ്പുകളിൽ നാട്ടു നാട്ടു പാട്ട് കേട്ടത് കൊട്ടിയം സ്വദേശിയ യാസിൻ നിസാറിന്റെ മധുര ശബ്ദത്തിലായിരുന്നു.

അതോടെ ന്യൂജൻ സംഗീത പ്രേമികളുടെ ഇഷ്ട ഗായകനായി മാറുകയായിരുന്നു യാസിൻ. ലോസ് ഏഞ്ചൽസിലെ ഹോളിവുഡ് ഡോർബി തിയേറ്ററിൽ ഈ ഗാനത്തിന് ഈണം പകർന്ന കീരവാണി ഓസ്കാർ പുരസ്കാരം സ്വീകരിക്കുമ്പോൾ സംഗീതപ്രമികളുടെ മനസിൽ നിറഞ്ഞത് യാസിന്റെ ശബ്ദമായിരുന്നു. കൊട്ടിയം നാസിയയിൽ പരേതനായ നിസാറിന്റെയും നാസിയയുടെയും മകൻ യാസിൻ പഠിച്ചതും വളർന്നതും കൊല്ലത്താണ്. കൊല്ലം എസ്.എൻ സെൻട്രൽ സ്കൂളിലായിരുന്നു ഹൈസ്കൂൾ- ഹയർസെക്കൻഡറി വിദ്യാഭ്യാസം. കൊല്ലം എസ്.എൻ കോളേജിൽ നിന്ന് ബികോം പൂർത്തിയാക്കി ചെന്നെയിലായിരുന്നു തുടർ പഠനം. ചെന്നൈയിൽ നിന്ന് എം.ബി.എ ബിരുദം സമ്പാദിച്ചു. സ്കൂൾ വിദ്യാർത്ഥിയായിരിക്കുമ്പോൾ 2002ൽ കൈരളി ഒരുക്കിയ ഗന്ധർവ സംഗീതം ജൂണിയർ മത്സരത്തിൽ നേടിയ വിജയമായിരുന്നു സംഗീത ലോകത്തെ ആദ്യ ചുവടുവയ്പ്. സി.ബി.എസ്.ഇ സംസ്ഥാന കലോത്സവത്തിൽ പ്രതിഭയായി. ഉമയനല്ലൂർ വീണാകുമാരിയാണ് സംഗീതത്തിലെ ആദ്യഗുരു. കൊല്ലം നൗഷാദ് ബാബു, രാജേഷ്, മയ്യനാട് ശ്രീകുമാർ എന്നിവരിൽ നിന്ന് സംഗീതം പഠിച്ചു. പണ്ഡിറ്റ് രമേഷ് നാരായണന്റെ ശിഷ്യത്വം സ്വീകരിച്ചു. അമ്മയോടൊപ്പം ചെന്നൈയിൽ സ്ഥിരതാമസമാക്കിയ യാസിന്റെ സംഗത ലോകത്തെ വളർച്ച വേഗത്തിലായിരുന്നു. എ.ആർ.റഹ്മാൻ, ഇളയരാജ തുടങ്ങിയ പ്രശസ്ത സംഗീതജ്ഞരോടൊപ്പം പ്രവർത്തിക്കാൻ അവസരം ലഭിച്ചു. തമിഴിലെയും കന്നടയിലെയും തിരക്കേറിയ ഗായകനാണിപ്പോൾ. ബാഹുബലി രണ്ട്, സീതാരാമം, 101 വെഡിംഗ്സ്, തട്ടത്തിൽ മറവ്, സ്പാനിഷ് മസാല, വിക്രമാദിത്യൻ തുടങ്ങി നിരവധി മലയാള ചിത്രങ്ങളിൽ പാടി യുവജനങ്ങളുടെ ഹരമായി. 600 ലേറെ ഗാനങ്ങൾ ആലപിച്ചിട്ടുണ്ട്. കഴിഞ്ഞ ആഴ്ച അദ്ദേഹം കൊല്ലത്ത് കുടംബ വീട്ടിലെത്തിയിരുന്നു. അസ്മിനാണ് സഹോദരി.

സന്തോഷകരവും അഭിമാനകരവുമായ അനുഭവമായിരുന്നു, നാട്ടു നാട്ടു പാട്ടിന് ഈണം പകർന്ന കീരവാണിക്ക് ലഭിച്ച ഓസ്കാർ അംഗീകാരം.

യാസിൻ, ഗായകൻ