സർജിക്കൽ മോപ്പ് വയറ്റിലിട്ട് തുന്നിക്കെട്ടിയ സംഭവത്തിൽ പ്രതിഷേധം

Friday 17 March 2023 12:16 AM IST

എഴുകോൺ : എഴുകോൺ ഇ.എസ്.ഐ ആശുപത്രിയിൽ പ്രസവ ശസ്ത്രക്രിയയ്ക്കിടെ യുവതിയുടെ വയറ്റിൽ സർജിക്കൽ മോപ്പിട്ട് തുന്നിക്കെട്ടിയതിൽ വ്യാപക പ്രതിഷേധം. ആശുപത്രിയിലെ നഴ്സിംഗ് വിഭാഗം താത്ക്കാലിക ജീവനക്കാരി കൂടിയായ ഇടയ്ക്കോട് കാർത്തികയിൽ ചിഞ്ചു രാജിന് കഴിഞ്ഞ ശനിയാഴ്ച നടത്തിയ ശസ്ത്രക്രിയയ്ക്കിടെയാണ് മോപ്പ് വയറ്റിൽ മറന്നു വെച്ചത്. കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് വിവിധ സംഘടനകൾ ആശുപത്രിക്ക് മുന്നിൽ പ്രതിഷേധിച്ചു.

മഹിളാ കോൺഗ്രസിന്റെ നേതൃത്വത്തിൽ ആശുപത്രിയിലേക്ക് നടത്തിയ മാർച്ച് പ്രധാന കവാടത്തിൽ എഴുകോൺ പൊലീസ് തടഞ്ഞു. തുടർന്ന് പ്രവർത്തകർ മുദ്രാവാക്യം മുഴക്കിയും പോസ്റ്റർ പതിച്ചും പ്രതിഷേധിച്ചു. ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ആതിര ജോൺസൺ, അംഗങ്ങളായ വി.സുഹർബാൻ, മഞ്ചു രാജ്, ബീന മാമച്ചൻ, മുൻ ഡി.സി.സി മെമ്പർ സൂസൻ വർഗീസ് തുടങ്ങിയവർ മാർച്ചിന് നേതൃത്വം നൽകി.

സി.പി.ഐയുടെ നേതൃത്വത്തിൽ ആശുപത്രി കവാടത്തിൽ പ്രതിഷേധം ഉയർത്തി. ജി.രാജശേഖരൻ പിള്ള, വി. അനിൽകുമാർ, ആർ.സതീശൻ, പ്രദീപ് തുടങ്ങിയവർ പ്രസംഗിച്ചു.

ശസ്ത്രക്രിയ നടത്തിയതിൽ ഗുരുതര വീഴ്ചകളുണ്ടെന്ന ആരോപണമാണ് ഇവിടെ നിന്നുയരുന്നത്. വേണ്ടത്ര അണുനശീകരണം പോലും സാധ്യമാകാത്ത സാഹചര്യത്തിൽ മൈന‌ർ തിയേറ്ററിൽ ശസ്ത്രക്രിയ നടത്തി എന്ന വിവരമാണ് ഇപ്പോൾ പുറത്തു വരുന്നത്. വെള്ളിയാഴ്ച ആശുപത്രിയിൽ പ്രവേശിപ്പിച്ച ചിഞ്ചുവിന് അടിയന്തര സ്ഥിതി ഇല്ലാതിരുന്നിട്ടും ശനിയാഴ്ച ഉച്ചയോടെ ശസ്ത്രക്രിയ നടത്തുകയായിരുന്നു. ശനിയാഴ്ച ഒരു മണി വരെയാണ് ഒ.പി. പ്രവർത്തനം . ഞായറാഴ്ച സ്വാഭാവിക അവധിയാണ്. അവധി ദിനത്തിൽ പ്രസവം നടന്നാലുണ്ടാകുന്ന ജോലി ഭാരം ഒഴിവാക്കാൻ കാണിച്ച ധൃതിയാണ് അനാസ്ഥയ്ക്ക് വഴി വെച്ചതെന്നാണ് നിലവിലുള്ള ആക്ഷേപം. മോപ്പ് മറന്നു വെച്ചതിന് പുറമേ മൈനർ തിയേറ്ററിലെ അണുവ്യ പന സാഹചര്യവും ചിഞ്ചുരാജിന് ന്യൂമോണിയ ബാധിക്കാൻ കാരണമായിട്ടുണ്ടെന്ന സംശയവും ഉയരുന്നുണ്ട്. എല്ലാത്തരം ചെറിയ ശസ്ത്രക്രിയകൾക്കും ഉപയോഗിക്കുന്ന മൈനർ തിയേറ്ററിൽ പ്രസവ ശസ്ത്രക്രിയ നടത്തിയത് ഗുരുതര വീഴ്ചയാണ്.