കൊല്ലം പോർട്ടിൽ കപ്പൽ അറ്റകുറ്രപ്പണി കേന്ദ്രവും ഫ്ലോട്ടിംഗ് ഡ്രൈ ഡോക്കും

Friday 17 March 2023 12:20 AM IST

 തലവര മാറ്റുന്ന പദ്ധതികൾക്ക് താല്പര്യപത്രം ക്ഷണിച്ചു

കൊല്ലം: കൊല്ലം പോർട്ടിന്റെ തലവര മാറ്റിയേക്കാവുന്ന തരത്തിൽ പോർട്ടിനോട് ചേർന്ന് കപ്പൽ അറ്റകുറ്റപ്പണി കേന്ദ്രവും ഫ്ലോട്ടിംഗ് ഡ്രൈ ഡോക്കും സ്ഥാപിക്കാൻ താല്പര്യപത്രം ക്ഷണിച്ചു.

കപ്പലുകളുടെ അറ്റകുറ്റപ്പണിക്ക് കൊച്ചി ഷിപ്പിംഗ് യാർഡ് കഴിഞ്ഞാൽ തെക്കേ ഇന്ത്യയിൽ കാര്യമായ സൗകര്യങ്ങളില്ലാത്ത സാഹചര്യത്തിലാണ് കൊല്ലം പോർട്ട് കേന്ദ്രീകരിച്ച് സാദ്ധ്യത പ്രയോജനപ്പെടുത്താൻ ശ്രമിക്കുന്നത്.

കടലിൽ മുങ്ങിക്കിടക്കുന്ന അറ്റകുറ്റപ്പണി കേന്ദ്രമാണ് ഫ്ലോട്ടിംഗ് ഡ്രൈ ഡോക്ക്. തീരത്ത് നിന്ന് നിശ്ചിത ദൂരത്തിലായിരിക്കും ഡ്രൈ ഡോക്ക് സ്ഥാപിക്കുക. കടലിൽ മുങ്ങിക്കിടക്കുന്ന ഡ്രൈ ഡോക്കിനുള്ളിൽ കയറ്റിയാകും യാനങ്ങളുടെ അറ്രകുറ്റപ്പണി നടത്തുക. ഡോക്കിനുള്ളിലേക്ക് ജലം കയറ്റാനും ഒഴുക്കിക്കളയാനും സൗകര്യമുണ്ടാകും. ഒരേ സമയം ഒന്നിലധികം ചെറു കപ്പലുകളും നിരവധി ബോട്ടുകളും പ്രവേശിപ്പിക്കാവുന്ന ഡ്രൈ ഡോക്കാണ് കൊല്ലത്ത് ലക്ഷ്യമിടുന്നത്. തീരത്ത് തന്നെ നങ്കൂരമിട്ട് പ്രശ്നങ്ങൾ പരിഹരിക്കലാണ് അറ്രകുറ്റപ്പണി കേന്ദ്രത്തിന്റെ ലക്ഷ്യം. പോർട്ടിന് കൂടുതൽ വരുമാനം, കൂടുതൽ തൊഴിലവസരം, കുറഞ്ഞ പാരിസ്ഥിതികാഘാതം എന്നിവ മുൻനിറുത്തിയാകും താല്പര്യപത്രങ്ങൾ പരിശോധിക്കുക. 150 മുതൽ 1500 കോടി വരെ ചെലവുള്ള രൂപരേഖകൾ പ്രതീക്ഷിക്കുന്നുണ്ട്. ഏറ്റവും മികച്ച പദ്ധതിക്ക് സർക്കാർ നിക്ഷേപം ആവശ്യമാണെങ്കിൽ അതിനെക്കുറിച്ചും ആലോചനയുണ്ടാകും.

പ്രതീക്ഷ വലിയ ബിസിനസ്

നിലവിൽ കൊച്ചി പോർട്ടിൽ കപ്പലിന്റെ അറ്റകുറ്റപ്പണിക്ക് സൗകര്യമുണ്ട്. പക്ഷെ സ്ഥലപരിമിതി കാരണം ഒരു വർഷം മുമ്പേ ബുക്ക് ചെയ്യേണ്ട അവസ്ഥയാണ്. അതുകൊണ്ട് തന്നെ കൊല്ലം പോർട്ടിൽ ഫ്ലോട്ടിംഗ് ഡ്രൈ ഡോക്കും അറ്രകുറ്റപ്പണി കേന്ദ്രവും സ്ഥാപിച്ചാൽ വലിയ ബിസിനസ് നടക്കുമെന്നാണ് പ്രതീക്ഷ. കേരളത്തിൽ ഒരു കപ്പൽ അറ്റകുറ്റപ്പണി കേന്ദ്രം കൂടി സജ്ജമാക്കണമെന്ന് ഇന്ത്യൻ മാരിടൈം ബോർഡും സംസ്ഥാനത്തോട് ആവശ്യപ്പെട്ടിരുന്നു.

കൊല്ലത്തിന്റെ സാദ്ധ്യത

സമുദ്രാതിർത്തിയുമായി ഏറ്രവും അടുത്തുള്ള തുറമുഖമാണ്. അതുകൊണ്ട് തന്നെ അന്താരാഷ്ട്ര കപ്പൽ ചാനലിലൂടെ പോകുന്ന യാനങ്ങൾക്ക് അതിവേഗം കൊല്ലം പോർട്ടിലെത്താം. ഇന്ത്യൻ യാനങ്ങൾക്ക് പുറമേ വിദേശ കപ്പലുകളും അറ്റകുറ്റപ്പണിക്ക് എത്തുമെന്നാണ് പ്രതീക്ഷ.

നേട്ടങ്ങൾ

 കൂടുതൽ തൊഴിൽ അവസരം

 കൊല്ലം പോർട്ടിന് കൂടുതൽ വരുമാനം

 പോർട്ട് രാജ്യാന്തര ഷിപ്പിംഗ് ഭൂപടത്തിൽ ഇടംപിടിക്കും

 കപ്പൽ സ്പെയർപാർട്സുകളുടെ വില്പന

തീരദേശ കപ്പൽ സർവീസിനും ഒരുക്കം

കൊച്ചിയിൽ നിന്ന് കൊല്ലം, ബേപ്പൂർ, അഴീക്കൽ, പൊന്നാനി തുറമുഖങ്ങളെ ബന്ധിപ്പിച്ചുള്ള തീരദേശ കപ്പൽ സർവീസിന് താല്പര്യപത്രം ക്ഷണിച്ചിട്ടുണ്ട്.

കൊച്ചി ഷിപ്പ് യാർഡ് കഴിഞ്ഞാൽ പശ്ചിമതീരത്ത് നിലവിൽ കപ്പലുകളുടെ ഡ്രൈ ഡോക്കിംഗിനും അറ്രകുറ്റപ്പണിക്കും ആശ്രയിക്കാൻ ഇടമില്ലാത്ത അവസ്ഥയാണ്. കൊച്ചിൻ ഷിപ്പ് യാർഡിൽ വൻ തിരക്കാണ്. കൊല്ലത്ത് പുതിയ പദ്ധതി വരുന്നതോടെ ടഗുകളുടെയും ബാർജുകളുടെയും കപ്പലുകളുടെയും അറ്റകുറ്റപ്പണി നടത്താം. ഇങ്ങനെയെത്തുന്ന കപ്പലുകളിലൂടെ ക്രൂ ചെയ്ഞ്ചിംഗിനും ബങ്കറിംഗിനും ശ്രമിച്ചേക്കും. വലിയ സാമ്പത്തിക വികസന സാദ്ധ്യതകളുമുണ്ട്.""

ജോർജ് സേവ്യർ, എം.ഡി, പാക്സ് ഷിപ്പിംഗ്

Advertisement
Advertisement