സർജിക്കൽ മോപ്പ് വയറ്റിൽ തുന്നിക്കെട്ടി: നാലു പേർക്കെതിരെ നടപടിക്ക് സാദ്ധ്യത

Friday 17 March 2023 1:10 AM IST

എഴുകോൺ: എഴുകോൺ ഇ.എസ്.ഐ ആശുപത്രിയിലെ താത്കാലിക നഴ്സിംഗ് അസിസ്റ്റന്റ് ഇടയ്ക്കോട് കാർത്തികയിൽ ചിഞ്ചുരാജിന്റെ (31) പ്രസവ ശസ്ത്രക്രിയയ്ക്കിടെ സർജിക്കൽ മോപ്പ് വയറ്റിൽ തുന്നിക്കെട്ടിയ സംഭവത്തിൽ രണ്ട് ഡോക്ടർമാരടക്കം നാലുപേർക്കെതിരെ നടപടിക്ക് സാദ്ധ്യത.

ആശുപത്രി നടത്തിയ ആഭ്യന്തര അന്വേഷണത്തിൽ കുറ്റക്കാരെന്ന് കണ്ടെത്തിയ ഗൈനക്കോളജി വിഭാഗത്തിലെ ഡോ. ധന്യ, ഡോ. അഞ്ജന, നഴ്സുമാരായ ശശീന്ദ്ര, കല എന്നിവർക്കെതിരെയാണ് നടപടിയുണ്ടാവുക. അസി. മെഡിക്കൽ സൂപ്രണ്ട് സുശീൽകുമാർ മുർമു, ഡോ. രാജീവ്, അസി. ഡയറക്ടർ ഹരീഷ് കുമാർ എന്നിവരടങ്ങിയ സമിതിയുടെ അന്വേഷണ റിപ്പോർട്ട് ഇന്നലെ രാത്രിയോടെ ഇ.എസ്.ഐ മെഡിക്കൽ കമ്മിഷണർക്കും സോണൽ കമ്മിഷണർക്കും നൽകി.

ചിഞ്ചുവിന് ശസ്ത്രക്രിയ നടത്തിയ സാഹചര്യങ്ങളെ കുറിച്ചും ഗുരുതര ആരോപണമുണ്ട്. അടിയന്തര സാഹചര്യമില്ലാതിരുന്നിട്ടും ധൃതിപിടിച്ച് ശസ്ത്രക്രിയ നടത്തുകയായിരുന്നുവെന്നാണ് ആക്ഷേപം. പ്രധാന ഓപ്പറേഷൻ തിയേറ്റർ അറ്റകുറ്റപ്പണിയിലായതിനാൽ ഇതിനായി താത്കാലിക തിയേറ്റർ സജ്ജീകരിക്കുകയായിരുന്നു. ഇവിടെ ശീതീകരണ സംവിധാനമോ, വേണ്ടത്ര വെളിച്ചമോ ഇല്ലായിരുന്നു. ഗൈനിക്ക് യൂണിറ്റ് മേധാവി അറിയാതെയാണ് ക്രമീകരണങ്ങൾ ഏർപ്പെടുത്തിയതെന്നും ആരോപണമുണ്ട്. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന ചിഞ്ചുരാജിന്റെ ആരോഗ്യനിലയിൽ പുരോഗതിയുണ്ടെന്ന് ബന്ധുക്കൾ പറഞ്ഞു.