150 ഓളം വാഴകൾ കഴിഞ്ഞ ദിവസം രാത്രി വീശിയ കാറ്റിൽ നിലം പൊത്തി
Friday 17 March 2023 1:46 AM IST
വണ്ടൂർ: കുല വെട്ടാൻ ഒരു മാസം ബാക്കി നിൽക്കുന്ന,150 ഓളം വാഴകൾ കഴിഞ്ഞ ദിവസം രാത്രി വീശിയ കാറ്റിൽ നിലം പൊത്തി. വണ്ടൂർ കാപ്പിൽ സ്വദേശി പാലൻപടിയൻ ഷമീറിന്റെ അരിപ്പമാട് റോഡരികിലെ വയലിലെ തോട്ടത്തിലെ വാഴകളാണ് കാറ്റെടുത്തത്. 30,000 രൂപ നഷ്ടം വന്നതായി ഷമീർ പറഞ്ഞു. തൊട്ടടുത്തായുള്ള ഷമീറിന്റെ തന്നെ കപ്പ കൃഷിയിലും കാറ്റ് സാരമായ നാശം വിതച്ചിട്ടുണ്ട്. ശക്തിയേറിയ ഇടിമിന്നലിൽ രണ്ട് തെങ്ങുകൾ കത്തി. കാരക്കാപമ്പ് പാറാത്തേരി മുഹമ്മദിന്റെ വീട്ടുവളപ്പിലെ തെങ്ങുകളാണ് നിന്ന് കത്തിയത്. കഴിഞ്ഞ ദിവസം രാത്രി ഏഴോടെയാണ് ശക്തമായ വേനൽമഴക്കൊപ്പമെത്തിയ കാറ്റും ഇടിമിന്നലും നാശം വിതച്ചത്. ഇടിമിന്നലേറ്റ് വീടിനും കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. ചുമരുകളിൽ വിള്ളൽ രൂപപ്പെട്ടിട്ടുണ്ട്.