നവജാത ശിശു മരിച്ചു, മാതാവ് മൂത്ത മകനുമായി കിണറ്റിൽ ചാടി ജീവനൊടുക്കി

Friday 17 March 2023 1:51 AM IST

ഉപ്പുതറ (ഇടുക്കി): മുലപ്പാൽ തൊണ്ടയിൽ കുരുങ്ങി നവജാത ശിശു മരിച്ചതിൽ മനംനൊന്ത് മൂത്ത മകനുമായി ബാങ്ക് മാനേജരായ മാതാവ് കിണറ്റിൽ ചാടി ജീവനൊടുക്കി. പാലാ തിടനാട് കുമ്മണ്ണുപറമ്പിൽ ടോമിയുടെ ഭാര്യയും ആലക്കോട് സർവീസ് സഹകരണ ബാങ്ക് മാനേജരുമായ ലിജ ടോം (38),​ മകൻ ബെൻ ടോം (ഏഴ്) എന്നിവരാണ് മരിച്ചത്. ഇന്നലെ രാവിലെ ആറോടെ ഉപ്പുതറ കൈതപ്പതാലിലെ ലിജയുടെ സ്വന്തം വീട്ടിലായിരുന്നു സംഭവം.

10 വർഷം മുമ്പ് ലിജ- ടോം ദമ്പതികൾക്ക് ആദ്യമായുണ്ടായ മകൻ ജോർജ് ഒന്നരവയസുള്ളപ്പോൾ രോഗബാധിതനായി മരിച്ചിരുന്നു. രണ്ടാമത്തെ മകനാണ് ബെൻ ടോം. മൂന്നാമത്തെ കുട്ടിയുടെ പ്രസവത്തിനായാണ് ലിജ ഉപ്പുതറയിലെ സ്വന്തം വീട്ടിലെത്തിയത്. കഴിഞ്ഞ 14ന് 28 ദിവസം പ്രായമായ ഈ ആൺകുഞ്ഞ് മുലപ്പാൽ തൊണ്ടയിൽ കുരുങ്ങി മരിച്ചിരുന്നു. കുഞ്ഞിന്റെ മരണത്തോടെ ലിജ മാനസിക സംഘർഷത്തിലായിരുന്നു. ബുധനാഴ്ചയായിരുന്നു കുഞ്ഞിന്റെ സംസ്‌കാര ചടങ്ങുകൾ. അന്ന് രാത്രി അമ്മയോടൊപ്പമായിരുന്നു ലിജയും മകനും ഉറങ്ങിയത്.

ഇന്നലെ രാവിലെ ആറു മണിയോടെ വീട്ടുകാർ പള്ളിയിൽ പോകാൻ ഒരുങ്ങുന്നതിനിടെ മുറ്റത്തെ കിണറ്റിൽ എന്തോ വീഴുന്ന ശബ്ദം കേട്ടു. ശബ്ദം കേട്ട് ഓടി എത്തിയ അമ്മയും സഹോദരനും കണ്ടത് 40 അടി താഴ്ചയിൽ മുങ്ങി താഴുന്ന ലിജയെയും മകനെയുമാണ്. അയൽവാസികൾ അറിയിച്ചതിനെ തുടർന്ന് ഫയർഫോഴ്‌സും പൊലീസും സ്ഥലത്തെത്തി കിണറ്റിൽ നിന്ന് പുറത്തെടുത്തെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ലിജയുടെ ഭർത്താവ് ടോം പാലായിലെ ജൂവലറിയിൽ ജീവനക്കാരനാണ്. കൈതപ്പതാൽ കിണറ്റുകര ജോസഫിന്റെയും ലൗലിയുടെയും മകളാണ് ലിജ. ഇടുക്കി മെഡിക്കൽ കോളേജ് ആശുപത്രിയിൽ പോസ്റ്റ്‌മോർട്ടം നടത്തി മൃതദേഹങ്ങൾ തിടനാട്ടിലേക്ക് കൊണ്ടുപോകും.