രാഷ്ട്രപതിക്ക് ഉപഹാരമായി സുവർണ 'ദ്രോണാചാര്യ' 

Friday 17 March 2023 2:10 AM IST

കൊച്ചി:രാഷ്ട്രപതി ദ്രൗപദി മുർമുവിന് ദക്ഷിണ നാവികസേനാ ആസ്ഥാനം അമ്പും വില്ലുമേന്തിയ ദ്രോണാചാര്യരുടെ പത്തുകിലോ തൂക്കമുള്ള സുവർണ ശില്പം ഉപഹാരമായി നൽകി. നാവികസേനയുടെ പരിശീലനകേന്ദ്രമായ ഐ.എൻ.എസ് ദ്രോണാചാര്യയിൽ നടന്ന ചടങ്ങിൽ നേവിയിലെ നാല് ഉദ്യോഗസ്ഥർ ചേർന്നാണ് ഉപഹാരം രാഷ്ട്രപതിക്കു സമ്മാനിച്ചത്.

ഗവർണർ ആരിഫ് മുഹമ്മദ്ഖാൻ, മുഖ്യമന്ത്രി പിണറായി വിജയൻ തുടങ്ങിയ മറ്റു വിശിഷ്ടവ്യക്തികൾക്ക് ഇതിന്റെ ചെറുപതിപ്പുകളും സമ്മാനിച്ചു. കരവിരുതകളേറെയുള്ള ശിൽപ്പം പറക്കാട്ട് ജുവലറിയാണ് തയ്യാറാക്കിയത്. ഉടമ പ്രീതി പ്രകാശാണ് രൂപകല്പന. പ്രതീക്ഷിക്കാതെയാണ് ഈ ദൗത്യം ഏറ്റതെന്ന് പ്രീതി പറയുന്നു. പ്രീതി ഡിസൈൻ ചെയ്ത ശില്പങ്ങൾ ശ്രദ്ധയിൽപ്പെട്ട നേവി അധികൃതർ, നാവിക ആസ്ഥാനത്തേക്കു വിളിപ്പിക്കുകയായിരുന്നു. അവർ നല്‌കിയ ചിത്രം നോക്കിയാണ് രൂപകല്പന ചെയ്തത്. പലതവണ നാവിക ആസ്ഥാനത്തെത്തി ചർച്ച നടത്തി. റെസിൻ ഉപയോഗിച്ച് 'ബ്ലാക്ക് ആൻഡ് ഗോൾഡ് ' ചാരുതയോടെയാണ് നിർമ്മിച്ചത്. ഗോൾഡ് ഫോമിംഗ് എന്ന ഇറ്റാലിയൻ സാങ്കേതിക വിദ്യയിലാണ് നിർമ്മാണം. പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ചലച്ചിത്രതാരം മോഹൻലാൽ സമ്മാനിച്ച മരപ്രഭു ശിൽപ്പവും അമേരിക്കയിലെ അയ്യപ്പക്ഷേത്രത്തിലേക്കുള്ള തിരുവാഭരണവും ഡിസൈൻ ചെയ്തതും പ്രീതിയാണ്.