പ്രസിഡന്റ്സ് കളർ തിളക്കത്തിൽ ഐ.എൻ.എസ് ദ്രോണാചാര്യ

Friday 17 March 2023 2:17 AM IST

കൊച്ചി:സർവസൈന്യാധിപനായ രാഷ്ട്രപതി സമ്മാനിക്കുന്ന ഏറ്റവും വലിയ സൈനിക ബഹുമതിയായ പ്രസിഡന്റ്സ് കളർ (നിഷാൻ) നാവികസേനയുടെ ആയുധ പരിശീലനകേന്ദ്രമായ ഐ.എൻ.എസ് ദ്രോണാചാര്യ ഏറ്റുവാങ്ങി. രാഷ്ട്രപതി ദ്രൗപതി മുർമുവിൽ നിന്ന് ദ്രോണാചാര്യയുടെ മേധാവി ലഫ്റ്റനന്റ് കമാൻഡർ ദീപക് സ്‌കറിയ ബഹുമതി സ്വീകരിച്ചു.

ഫോർട്ട് കൊച്ചിയിലെ ദ്രോണാചര്യ ആസ്ഥാനത്ത് നടന്ന ചടങ്ങിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ, മുഖ്യമന്ത്രി പിണറായി വിജയൻ, നാവികസേനാ മേധാവി അഡ്മിറൽ ആർ. ഹരികുമാർ, ദക്ഷിണ നാവികത്താവളം മേധാവി വൈസ് അഡ്മിറൽ ഹോളി ഹംപി എന്നിവർ പങ്കെടുത്തു.

150 നാവികർ അണിനിരന്ന പരേഡിന്റെ അകമ്പടിയോടെയാണ് പ്രസിഡന്റ്സ് കളർ സമ്മാനിച്ചത്.

നേവി യൂണിറ്റെന്ന നിലയിൽ ദ്രോണാചാര്യയുടെ സൈനികരംഗത്തെ സംഭാവനകൾ മാനിച്ചാണ് ബഹുമതി നൽകിയത്.

ദ്രോണാചാര്യയിലെത്തിയ രാഷ്ട്രപതിയെ പരേഡായി അണിനിരന്ന നാവികർ സ്വീകരിച്ചു. പ്രത്യേക വാഹനത്തിൽ പരേഡ് ഗ്രൗണ്ട് ചുറ്റിയ രാഷ്ട്രപതി സൈനികരുടെ സല്യൂട്ട് സ്വീകരിച്ചു. തുടർന്ന് നാവികസേനാ ബാൻഡ് മൈതാനത്ത് വാദ്യോപകരണങ്ങൾ സ്ഥാപിച്ചു. പ്രസിഡന്റ്സ് കളർ പതാക വാദ്യോപകരണങ്ങൾക്ക് മുകളിൽ വച്ചു.

യുദ്ധങ്ങളും ദൗത്യങ്ങളും ആരംഭിക്കുന്നതിന് മുമ്പുള്ള ആചാരം അനുസരിച്ച് മുസ്ളീം, സിഖ്, ഹിന്ദു, ക്രിസ്ത്യൻ വേഷധാരികൾ പ്രാർത്ഥന ചൊല്ലി. പരേഡ് ഗ്രൗണ്ടിലെത്തിയ രാഷ്ട്രപതി പ്രസിഡന്റ്സ് കളർ ദീപക് സ്‌കറിയയ്ക്ക് കൈമാറിയപ്പോൾ ബാൻഡ് മുഴങ്ങി. പ്രസിഡന്റ്സ് കളർ ഏറ്റുവാങ്ങിയ നാവികരുടെ ഏഴ് പ്ളാറ്റൂണുകൾ രാഷ്ട്രപതിക്ക് സല്യൂട്ട് അർപ്പിച്ചതോടെയാണ് ചടങ്ങ് സമാപിച്ചത്.

പ്രസിഡന്റ്സ് കളർ

വെള്ള നിറത്തിലെ പ്രത്യേക പതാക.

ഇടതു മുകളിൽ നാലിലൊരു ഭാഗത്ത് ദേശീയപതാക.

അതിന്റെ വലത്ത് നേവി പതാകയും ഐ.എൻ.എസ് ദ്രോണാചാര്യ ലോഗോയും.

പതാകയുടെ നാലുവശത്തും സ്വർണനിറം

വിശേഷാവസരങ്ങളിലും പരേഡിലും പ്രസിഡന്റ്സ് കളർ പാറിക്കും.

Advertisement
Advertisement