വുകോമനോവിച്ചിന്റെ വിശദീകരണം: വാക്കൗട്ട് പെട്ടെന്നുള്ള തീരുമാനം, റഫറിയോടുള്ള പ്രതിഷേധം

Friday 17 March 2023 5:09 AM IST

തിരുവനന്തപുരം: ബംഗളൂരു എഫ്.സിക്കെതിരായ ഐ.എസ്.എൽ പ്ലേ ഓഫിനിടെ ടീമിനെ പിൻവലിച്ചത് റഫറി ക്രിസ്റ്റൽ ജോണിന്റെ തെറ്രായ തീരുമാനങ്ങളോടുള്ള പ്രതിഷേധത്തിന്റെ തുടർച്ചയാണെന്നും, വാക്കൗട്ട് പെട്ടെന്നുള്ള തീരുമാനമായിരുന്നുവെന്നും കേരളാ ബ്ലാസ്റ്റേഴ്സ് കോച്ച് ഇവാൻ വുകോമനോവിച്ച് അഖിലേന്ത്യാ ഫുട്ബാൾ ഫെഡറേഷന് വിശദകരണം നൽകിയതായി റിപ്പോർട്ട്. വുകോമനോവിച്ചിന്റെ ഇടപെടൽ മൂലമാണ് മത്സരം പാതിവഴിയിൽ അവസാനിപ്പിക്കേണ്ടി വന്നതെന്ന് വിലയിരുത്തി എ.ഐ.എഫ്.എഫ് അച്ചടക്ക സമിതി കഴിഞ്ഞ ദിവസം അദ്ദേഹത്തിന് നോട്ടീസയച്ചിരുന്നു.

സാഹചര്യത്തിന്റെ സമ്മ‌ർദ്ദം മൂലം പെട്ടെന്നെടുത്ത തീരുമാനമായരുന്നു ടീമിനെ തിരിച്ചു വിളിച്ചത്. ഹൈദരാബാദിനെതിരായ കഴിഞ്ഞ ഐ.എസ്.എൽ ഫൈനലിൽ ക്രിസ്റ്രൽ ജോൺ വരുത്തിയ പിഴവ് ബ്ലാസ്റ്റേഴ്സിന് വലിയ തിരിച്ചടിയായിരുന്നു. ഇത്തവണയും അതേ റഫറി നിർണായക മത്സരത്തിൽ പിഴവ് ആവർത്തിച്ചപ്പോൾ സഹിക്കാനായില്ല. ഛെത്രിയുടെ ഗോൾ നിയമാനുസൃതമല്ലെന്നും പരിശോധിക്കണമെന്നും ആവശ്യപ്പെട്ടപ്പോൾ അധികൃതർ ചെവിക്കൊണ്ടില്ലെന്നും വിശദീകരണക്കത്തിൽ വുകോമനോവിച്ച് ചൂണ്ടിക്കാട്ടിയതായി ദേശീയ മാധ്യമം റിപ്പോർട്ടു ചെയ്തു.

അതേസമയം, വുകൊമനോവിച്ചിനെ നേരിട്ടുകണ്ട് ഗോൾ അനുവദിക്കാനിടയായ സാഹചര്യം വിശദീകരിക്കാൻ ശ്രമിച്ചെന്നാണ് റഫറിയും മാച്ച് കമ്മിഷണറും നൽകിയ റിപ്പോർട്ടിലുള്ളത്.

Advertisement
Advertisement