തടസം നീങ്ങുന്നു; കള്ളുചെത്തിൽ ജിയോ ടാഗിംഗ് ഉടൻ

Saturday 18 March 2023 12:56 AM IST

പാലക്കാട്: കള്ളുല്പാദനം,​ വിതരണം,​ വില്പന എന്നിവയിലെ സുതാര്യത ഉറപ്പാക്കാൻ ചെത്ത് തെങ്ങുകൾക്ക് ജിയോ ടാഗിംഗ് ഏർപ്പെടുത്താനുള്ള തടസം പരിഹരിച്ചു. ഇതിന് അബ്കാരി ചട്ടം ഭേദഗതി ചെയ്യും. കരടു ചട്ടം എക്സൈസ് സർക്കാരിന് സമർപ്പിച്ചു. അടുത്ത സാമ്പത്തിക വർഷം പദ്ധതി നടപ്പാക്കാനാകുമെന്ന പ്രതീക്ഷയിലാണ് അധികൃതർ.

സംസ്ഥാനത്ത് കള്ള് ചെത്തുന്ന വൃക്ഷങ്ങൾ, ഉല്പാദന അളവ്, കള്ളുവണ്ടികൾ, വില്പന എന്നിവ നിരീക്ഷിക്കുന്നതിനും ആവശ്യമായ ലൈസൻസും പെർമിറ്റും ഓൺലൈൻ വഴി നൽകുന്നതിനും നടപ്പാക്കുന്ന സംവിധാനമാണ് ട്രാക്ക് ആൻഡ് ട്രേയ്സ്. സംസ്ഥാനത്ത് ഏറ്റവുമധികം കള്ളുല്പാദിപ്പിക്കുന്ന ചിറ്റൂർ റേഞ്ചിലാണ് പദ്ധതി ആദ്യം നടപ്പാക്കുക.

മൊബൈൽ ആപ്പ് ഉടൻ

ജിയോ ടാഗിംഗിനായി ഡിജിറ്റൽ സർവകലാശാലയുടെ സഹകരണത്തോടെ എക്സൈസ് വകുപ്പ് മൊബൈൽ ആപ്ലിക്കേഷൻ തയാറാക്കും. ഇതിന്റെ ഏകദേശ രൂപം തയ്യാറാണ്. ചെത്തുന്ന തെങ്ങുകളുടെ ഡാറ്റ ആപ്പിൽ അപ്‍ലോഡ് ചെയ്യും. ഓരോ ആറുമാസവും എക്സൈസ് ഉദ്യോഗസ്ഥർ നേരിട്ടെത്തി തെങ്ങ് അടയാളപ്പെടുത്തുന്ന പതിവ് ഇനി ആവശ്യമില്ല. പരിശോധനയ്ക്ക് തെങ്ങിന് ചുവട്ടിലെത്തി ആപ്പ് തുറന്നാൽ ഏത് ലൈസൻസിയുടെ തെങ്ങാണെന്നും ചെത്തുന്നതാണോ എന്നുമെല്ലാം അറിയാം. വൃക്ഷക്കരം ഈടാക്കലും സുഗമമാകും. കേരളത്തിൽ കള്ളുല്പാദനം കുറവും വില്പന കൂടുതലുമാണ്. ഈ സാഹചര്യത്തിൽ തോപ്പുകൾ കേന്ദ്രീകരിച്ച് വ്യാജ കള്ള് ഉല്പാദനം വ്യാപകമാണെന്ന പരാതി ശക്തമാണ്.

ടാഗിംഗിന്റെ ഗുണങ്ങൾ

1. ചെത്തുന്ന വൃക്ഷവും അതുൾപ്പെടുന്ന തോട്ടവും മാപ്പ് ചെയ്ത് ജിയോ ലൊക്കേഷൻ ബേസ്ഡ് ഡാറ്റാ ലഭ്യമാക്കും.

2. ജിയോ ഫെൻസിംഗ്- ഓരോ ചെത്ത് വൃക്ഷത്തിന്റെയും തോട്ടത്തിന്റെയും അതിര്ൾ ഡിജിറ്റലായി ജിയോ ഫെൻസിംഗ് സാങ്കേതിക വിദ്യയിലൂടെ മനസിലാക്കാം. ഇതിലൂടെ ചെത്ത് വൃക്ഷവും തോട്ടവും ഇനംതിരിച്ച് അറിയാം.

3. പെർമിറ്റ് മുഖാന്തരം കള്ള് കൊണ്ടുപോകുന്ന വാഹനങ്ങളുടെ സ്ഥാനം മനസിലാക്കാം.

4. കള്ള് ഉല്പാദിപ്പിക്കുന്ന ഓരോ വൃക്ഷവും ഓരോ വെർച്ചൽ നമ്പർ ഉപയോഗിച്ച് തിരിച്ചറിയാം.
5. കള്ള് കടത്തുന്നതിന് ആവശ്യമായ പെർമിറ്റ് അനുവദിക്കുന്നതും മറ്റും പൂർണമായും ഓൺലൈനാകും.

6. കള്ള് ഉത്പാദനവും വില്പനയും പൂർണമായും ഓഡിറ്റിംഗിന് വിധേയമാകും.
7. ഉപഭോക്താവിന് ശുദ്ധമായ കള്ള് ഉറപ്പാക്കാൻ കഴിയും.

Advertisement
Advertisement