ദേശീയപാത നവീകരണം: കെണിയായി മൺതിട്ടയ്ക്ക് മുകളിലെ വൈദ്യുതി തൂണുകൾ

Saturday 18 March 2023 12:41 AM IST
ദേശീയപാതയിൽ എം.ഇ.എസ് കല്ലടി കോളേജിന് സമീപം മൺതിട്ടയിലുള്ള വൈദ്യുതി തൂൺ.

മണ്ണാർക്കാട്: നവീകരണം പൂർത്തിയായ ദേശീയപാതയിലെ എം.ഇ.എസ് കല്ലടി കോളേജിന് മുന്നിൽ അപകടാവസ്ഥയിലുള്ള വൈദ്യുതി തൂണുകൾ ഉടൻ മാറ്റി സ്ഥാപിക്കണമെന്ന ആവശ്യം ശക്തം. റോഡരികിലെ ഉയർന്ന മൺതിട്ടകളിലാണ് തൂണുകളുള്ളത്. ഇതിൽ രണ്ട് പ്രധാന ലൈനും സബ് ലൈനുകളുമുണ്ട്.

തൂണുകളിൽ രണ്ടെണ്ണം ഇരുമ്പിന്റേതും മറ്റുള്ളവ സിമന്റ് തൂണുമാണ്. ശക്തമായ കാറ്റോ പ്രകൃതി ക്ഷോഭങ്ങളോ ഉണ്ടായാൽ നിലംപതിക്കാവുന്ന സ്ഥിതിയിലാണ് തൂണുകൾ നിൽക്കുന്നത്. സമീപത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്ക് നിത്യേന ആയിരക്കണക്കിന് വിദ്യാർത്ഥികളാണ് സമീപത്തുകൂടെ കടന്നുപോകുന്നത്.

എത്രയും വേഗം ഇവ മാറ്റി സ്ഥാപിക്കണം. ഇല്ലെങ്കിൽ നിയമ നടപടി സ്വീകരിക്കും. അപകടാവസ്ഥ സംബന്ധിച്ച് വൈദ്യുതി മന്ത്രി, ജില്ലാ കളക്ടർ, വൈദ്യുതി ഭവൻ അധികൃതർ എന്നിവക്ക് പരാതി നൽകി.

-എ.യൂസഫ് അലനല്ലൂർ, ഹരികൃഷ്ണൻ (പൊതുപ്രവർത്തകർ).

Advertisement
Advertisement