വിവരങ്ങൾ നൽകാതിരുന്ന ഹെഡ്മിസ്ട്രസിന് 25,000 രൂപ പിഴ

Saturday 18 March 2023 3:14 AM IST

തിരുവനന്തപുരം: വിവരാവകാശ അപേക്ഷയിൽ ആവശ്യപ്പെട്ട വിവരങ്ങൾ നൽകാതിരുന്ന കണ്ണൂർ സെന്റ് തെരേസാസ് സ്കൂൾ മുൻ ഹെഡ്മിസ്ട്രസ് സിസ്റ്റർ വി.കെ.മോളിക്ക് 25,000രൂപ പിഴ. 2016-ൽ ഒന്നാം ക്ളാസിൽ പ്രവേശനം നൽകിയ കുട്ടികളുടെ എണ്ണവും വിശദവിവരങ്ങളും ചോദിച്ച് കണ്ണൂർ സ്വദേശി ബിജു സന്തോഷ് നൽകിയ അപ്പീൽ ഹർജിയിലാണ് വിവരാവകാശ കമ്മിഷണർ ഡോ.കെ.എൽ.വിവേകാനന്ദൻ പിഴശിക്ഷ വിധിച്ചത്.

പരാതിക്കാരന്റെ മകൾക്ക് ഒന്നാം ക്ളാസ് പ്രവേശനത്തിനായി സമീപിച്ചപ്പോൾ പ്രവേശനം നൽകാനാവില്ലെന്നു പറഞ്ഞ് പരുഷമായി പെരുമാറി.പ്രവേശന നടപടികൾ സുതാര്യമല്ലെന്നതിനാലാണ് ബിജു സന്തോഷ് വിവരാവകാശം നൽകിയത്. ഒരു മാസത്തിന് ശേഷവും വിവരങ്ങൾ കിട്ടാത്തതിനാൽ കണ്ണൂർ ഡി.ഇ.ഒയ്ക്ക് അപ്പീൽ നൽകി.സുപ്രീംകോടതി വിധി ചൂണ്ടിക്കാട്ടി വിവരങ്ങൾ നൽകാനാവില്ലെന്ന വ്യാജ മറുപടിയുണ്ടാക്കി നൽകി. ഇതിനെതിരെ സമർപ്പിച്ച രണ്ടാം അപ്പീലിലാണ് സിസ്റ്റർ വി.കെ.മോളിയെ ശിക്ഷിച്ചത്.

മോളി തെറ്റായ വിവരങ്ങളാണ് നൽകിയതെന്ന് ഹിയറിംഗിൽ ബോദ്ധ്യപ്പെട്ടു.സ്കൂൾ പ്രവേശനം സംബന്ധിച്ച വിവരങ്ങൾ പൊതുജനങ്ങൾക്ക് വിവരാവകാശ നിയമപ്രകാരം ലഭ്യമാക്കേണ്ടതാണെന്ന് കമ്മിഷൻ നിരീക്ഷിച്ചു.സിസ്റ്റർ മോളി 25,000രൂപ ട്രഷറിയിൽ ഒടുക്കി ചെല്ലാൻ കമ്മിഷനിൽ ഹാജരാക്കി.