മുന്നറിയിപ്പില്ലാതെ വൈദ്യുതിബന്ധം വിച്ഛേദിക്കരുത്

Saturday 18 March 2023 2:25 AM IST

ഉന്നത ഉദ്യോഗസ്ഥരുടെ യോഗം വിളിച്ച് മന്ത്രി

മാർഗരേഖ പുറത്തിറക്കും

വ്യവസായ മന്ത്രിയും റിപ്പോർട്ട് തേടി

തിരുവനന്തപുരം: കൊല്ലം ആശ്രാമം മൈതാനത്തിന് സമീപം യുവസംരംഭകൻ രോഹിത്ത് എബ്രഹാം ആരംഭിച്ച ഐസ്‌ക്രീം പാർലറിന്റെ വൈദ്യുതി കണക്ഷൻ 214 രൂപ കുടിശികയുടെ പേരിൽ മുന്നറിയിപ്പില്ലാതെ വിച്ഛേദിച്ച സംഭവത്തിൽ വൈദ്യുതി വകുപ്പ് ഉദ്യോഗസ്ഥരുടെ ഉന്നതതലയോഗം വിളിച്ച് മന്ത്രി കെ.കൃഷ്‌ണൻകുട്ടി. മുന്നറിയിപ്പില്ലാതെ വ്യവസായസ്ഥാപനങ്ങളിലെയും വീടുകളിലെയും വൈദ്യുതി ബന്ധം വിച്ഛേദിക്കരുതെന്ന കർശന നിലപാടിലാണ് മന്ത്രി. ഇതുസംബന്ധിച്ച് വിശദ മാർഗരേഖ പുറത്തിറക്കാനാണ് ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചുചേർത്തത്. കേരളകൗമുദി തുടർച്ചയായി പ്രസിദ്ധീകരിച്ച വാർത്തകളുടെയും എഡിറ്റോറിയലിന്റെയും അടിസ്ഥാനത്തിലാണ് നടപടി. ഇന്നും തിങ്കളാഴ്‌ചയുമായി നടക്കുന്ന യോഗത്തിലെ അഭിപ്രായങ്ങൾ ക്രോഡീകരിച്ച് മാർഗരേഖ പുറത്തിറക്കുമെന്ന് വൈദ്യുതി വകുപ്പ് മന്ത്രിയുടെ ഓഫീസ് അറിയിച്ചു. സംഭവത്തിൽ വ്യവസായ മന്ത്രി പി.രാജീവ് ജില്ലാ വ്യവസായ കേന്ദ്രത്തിന്റെ അടിയന്തര റിപ്പോർട്ട് തേടി. റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ വൈദ്യുതി വകുപ്പുമായി ആലോചിച്ച് തുടർനടപടികൾ സ്വീകരിക്കുമെന്ന് വ്യവസായ വകുപ്പ് മന്ത്രിയുടെ ഓഫീസും അറിയിച്ചു.

ന്യായീകരണവുമായി കെ.എസ്.ഇ.ബി

ഐസ്‌ക്രീം പാർലറിന്റെ വൈദ്യുതിബന്ധം വിച്ഛേദിച്ചത് മൂലം യുവസംരംഭകന് 1.12 ലക്ഷം രൂപയുടെ നഷ്‌ടമുണ്ടായെന്ന വാർത്ത അടിസ്ഥാനരഹിതമാണെന്നാണ് കെ.എസ്.ഇ.ബിയുടെ ന്യായീകരണം. വാർത്തയിൽ പരാമർശിച്ചിരുന്ന വ്യക്തിയുടെ പേരിലല്ല ഈ കണക്ഷൻ നൽകിയിരിക്കുന്നതെന്നാണ് കെ.എസ്.ഇ.ബി പുറത്തിറക്കിയ പത്രക്കുറിപ്പിൽ പറയുന്നത്. സാറാമ്മ മാത്യു എന്നയാളുടെ പേരിലാണ് കണക്ഷൻ. വൈദ്യുതിബന്ധം വിച്ഛേദിക്കാതിരിക്കാൻ കുടിശിക തുകയായ 214 രൂപ അടയ്‌ക്കണമെന്ന് കാണിച്ച് സാറാമ്മ മാത്യുവിന് മാർച്ച് 4ന് എസ്.എം.എസ് അയച്ചിരുന്നുവെന്നും കെ.എസ്.ഇ.ബി വിശദീകരിച്ചു. അതേസമയം, കെ.എസ്.ഇ.ബിയുടെ വിശദീകരണം തളളി കെട്ടിട ഉടമയായ സാറാമ്മ മാത്യു രംഗത്തെത്തി. തനിക്ക് യാതൊരു മുന്നറിയിപ്പും കെ.എസ്.ഇ.ബി നൽകിയിട്ടില്ല. കളളത്തരമാണ് കെ.എസ്.ഇ.ബി പറയുന്നത്. ഫോൺ എവിടെ വേണമെങ്കിലും ഹാജരാക്കാൻ തയ്യാറാണെന്നും സാറാമ്മ മാത്യു പറഞ്ഞു. വിദേശത്തുളള സാറാമ്മ 25ന് തിരിച്ചെത്തിയ ശേഷം കടപ്പാക്കട സെക്ഷൻ ഓഫീസിലെത്തി കെ.എസ്.ഇ.ബി അധികൃതരെ കാണുമെന്നും വ്യക്തമാക്കി.

Advertisement
Advertisement