ജീവനക്കാരുടെ മാനസിക സമ്മർദ്ദം: ബെവ്കോയിൽ സൈക്കോളജിസ്റ്റ് സേവനം

Saturday 18 March 2023 2:28 AM IST

കണ്ണൂർ :ബിവറേജ്സ് കോർപ്പറേഷന്റെ ആസ്ഥാനത്തും തിരഞ്ഞെടുക്കപ്പെട്ട വെയർഹൗസുകളിലുമുള്ള ജീവനക്കാരുടെ കടുത്ത മാനസിക സമ്മർദ്ദം കുറയ്ക്കാനായി അടുത്തയാഴ്ച മുതൽ ചൊവ്വ, വ്യാഴം ദിവസങ്ങളിൽ ക്ളിനിക്കൽ സൈക്കോളജിസ്റ്റിന്റെയും സൈക്യാട്രിസ്റ്റിന്റെയും സേവനം ഉറപ്പുവരുത്താൻ തീരുമാനം.ചികിത്സ പൂർണമായും സൗജന്യമായിരിക്കും. ഉച്ചയ്ക്ക് ഒന്നു മുതൽ രണ്ട് വരെയായിരിക്കും പരിശോധന. അടുത്തഘട്ടമായി ഔട്ട്ലെറ്റുകളിലും സേവനം ലഭ്യമാക്കും.

ജീവനക്കാർ കടുത്ത മാനസിക സമ്മർദ്ദം നേരിടുന്നതായും ഔട്ട്ലെറ്റുകളിലെ വിജിലൻസ് പരിശോധനയിൽ ഇവരുടെ ബാഗുകളിൽ നിന്നു മാനസിക രോഗത്തിനുള്ള ഗുളികകൾ കണ്ടെത്തിയതും കേരളകൗമുദി വാർത്ത നൽകിയിരുന്നു. ഇതേ തുടർന്നാണ് ഡോക്ടർമാരെ നിയമിക്കാനുള്ള തീരുമാനം.

ഔട്ട്ലെറ്റുകളിൽ മദ്യത്തിനെത്തുന്നവരിൽ പലതരക്കാരുമുണ്ടാകും. അവർ ആവശ്യപ്പെടുന്ന മദ്യം നൽകാൻ കഴിയാതെ വന്നാൽ വാക്കേറ്റം നിത്യസംഭവമാണ്. രാവിലെ 9 മുതൽ രാത്രി 9 വരെയാണ് ജോലി സമയം.അഞ്ചോ ആറോ ജീവനക്കാർ മാത്രമുള്ള ഔട്ട്ലെറ്റുകളിൽ ലക്ഷക്കണക്കിന് രൂപയാണ് ദിവസവും കൈകാര്യം ചെയ്യുന്നത്.പണം ബാങ്കുകളിൽ അടയ്ക്കാൻ കഴിയാത്ത ദിവസങ്ങളിൽ ജീവനക്കാർ വളരെയേറെ മാനസിക പിരിമുറുക്കം നേരിടുന്നതായി കോർപ്പറേഷൻ വിലയിരുത്തിയിരുന്നു.

ഒരു സ്ഥാപനത്തിലെ മുഴുവൻ ജീവനക്കാർക്കും സമാനമായ പിരിമുറുക്കം ഉണ്ടാകുന്നുവെന്നാണ് കണ്ടെത്തൽ. മാനസിക പിരിമുറുക്കം കുറയ്ക്കുന്നതിലൂടെ കോർപ്പറേഷന്റെ പ്രവർത്തനം സുഗമമാക്കാൻ കഴിയുമെന്നും കരുതുന്നു.

ഇതേ തുടർന്നാണ് ജീവനക്കാരുടെ കുടുംബസംഗമം വിളിച്ചു ചേർക്കാൻ എം.ഡി. യോഗേഷ് ഗുപ്ത തീരുമാനിച്ചത്. എം.ഡിയുടെ ഇടപെടൽ ജീവനക്കാർക്ക് ആശ്വാസമാകുകയായിരുന്നു.

ഫെബ്രുവരി ഒന്നിന് കണ്ണൂരിലാണ് ആദ്യ കുടുംബസംഗമം നടന്നത്.ഇതിന് മുമ്പ് ഇത്തരമൊരു സംഗമം കോർപറേഷന്റെ ചരിത്രത്തിൽ നടന്നിരുന്നില്ല.

ജീവനക്കാരുടെ മാനസിക സമ്മർദ്ദം കുറക്കാൻ

1. ക്ളിനിക്കൽ സൈക്കോളജിസ്റ്റിന്റെയും സൈക്യാട്രിസ്റ്റിന്റെയും സേവനം

2. ജീവനക്കാരുടെ കുടുംബസംഗമം

3.അവധി ഉറപ്പാക്കും