ബ്രഹ്‌മപുരം : സർക്കാരിന് 500 കോടി പിഴ മുന്നറിയിപ്പ്, വടിയെടുത്ത് ഹരിത ട്രൈബ്യൂണൽ

Saturday 18 March 2023 12:00 AM IST

ന്യൂ ഡൽഹി : ബ്രഹ്‌മപുരം തീപിടിത്തം കൈകാര്യം ചെയ്യുന്നതിൽ സംസ്ഥാനസർക്കാരിന് വൻ വീഴ്‌ച സംഭവിച്ചെന്നും ആവശ്യം വന്നാൽ അഞ്ഞൂറ് കോടി രൂപ പിഴയീടാക്കുമെന്നും ദേശീയ ഹരിത ട്രൈബ്യൂണൽ.

പ്രതിസന്ധിക്ക് പൂർണ ഉത്തരവാദി സർക്കാരാണെന്നും ഭരണനിർവഹണത്തിൽ വലിയ വീഴ്‌ചയുണ്ടായെന്നും സ്വമേധയാ എടുത്ത കേസിൽ ട്രൈബ്യൂണൽ അദ്ധ്യക്ഷൻ റിട്ട. ജസ്റ്റിസ് എ.കെ. ഗോയലിന്റെ പ്രിൻസിപ്പൽ ബെഞ്ച് വിമർശിച്ചു. അഡീഷണൽ ചീഫ് സെക്രട്ടറി വി. വേണുവിന്റെ സാന്നിദ്ധ്യത്തിലാണ് ട്രൈബ്യൂണൽ സംസ്ഥാന സർക്കാരിനെ കുടഞ്ഞത്.

തീപിടിത്തവുമായി ബന്ധപ്പെട്ട മാധ്യമവാർത്തകളുടെ അടിസ്ഥാനത്തിലാണ് പ്രിൻസിപ്പൽ ബെഞ്ച് സ്വമേധയാ കേസെടുത്ത് സംസ്ഥാന സർക്കാരിന്റെ നിലപാട് ആരാഞ്ഞത്. തീ അണച്ചെന്ന് സർക്കാർ അഭിഭാഷകൻ അറിയിച്ചു. കേരള ഹൈക്കോടതിയിലും,​ ഹരിത ട്രൈബ്യൂണലിന്റെ ചെന്നൈ ബെഞ്ചിലും വിഷയം പരിഗണനയിലുണ്ടെന്നും വ്യക്തമാക്കി. ഹൈക്കോടതിയുടെ നിർദേശങ്ങൾ കണക്കിലെടുത്ത് തീ അണയ്‌ക്കാനുളള എല്ലാ നടപടികളും സ്വീകരിച്ചിരുന്നു. മാലിന്യ നീക്കവും നിയന്ത്രിച്ചിരുന്നുവെന്ന് സർക്കാർ അഭിഭാഷകൻ അറിയിച്ചപ്പോൾ,​ ഡൽഹിയിലെ പ്രിൻസിപ്പൽ ബെഞ്ചിന് ഇടപെടാൻ കഴിയില്ലേയെന്ന് മറുചോദ്യമുയർന്നു. ഹൈക്കോടതിയിലെ നടപടികളെ ബാധിക്കാത്ത തരത്തിൽ നിർദേശങ്ങൾ പുറപ്പെടുവിക്കുമെന്ന സൂചനയും ട്രൈബ്യൂണൽ നൽകി.