ഓച്ചിറ ക്ഷേത്ര ഭരണ സമിതിയിലെ ജാതി വിവേചനത്തിൽ പ്രതിഷേധം

Saturday 18 March 2023 12:00 AM IST

കായംകുളം : ഓച്ചിറ പരബ്രഹ്മ ക്ഷേത്ര ഭരണസമിതി പ്രാതിനിധ്യത്തിലെ ജാതി വിവേചനത്തിനെതിരെ എസ്.എൻ.ഡി.പി യോഗം കായംകുളം, കരുനാഗപ്പള്ളി ,ചാരുംമൂട് യൂണിയനുകളുടെ സംയുക്താഭിമുഖ്യത്തിൽ പരബ്രഹ്മ സങ്കേതത്തിൽ ഇന്ന് വൈകിട്ട് 3ന് ആയിരക്കണക്കിന് ഭക്തജനങ്ങൾ പങ്കെടുക്കുന്ന നാമജപ യജ്ഞവും ഭക്തജന സംഗമവും നടക്കും.

ക്ഷേത്രത്തിന്റെ തെക്കും വടക്കും കേന്ദ്രീകരിക്കുന്ന അയ്യായിരത്തോളം ഭക്തജനങ്ങൾ നാമജപത്തോടെ ക്ഷേത്രത്തിലേക്കെത്തും. തുടർന്ന് നടക്കുന്ന സംഗമം എസ്.എൻ.ഡി.പി യോഗം കൗൺസിലർ പി.ടി മൻമഥൻ ഉദ്ഘാടനം ചെയ്യും. ജാതിയുടെ ഇരുണ്ട കാലഘട്ടത്തിൽ പോലും അധഃസ്ഥിതർക്ക് ആരാധനാ സ്വാതന്ത്ര്യമുണ്ടായിരുന്ന ഓച്ചിറയിൽ ഇപ്പോൾ ഈഴവ സമുദായത്തെ ഭരണസമിതിയിൽ നിന്ന് ഒന്നാകെ അകറ്റി നിറുത്തിയതായി കായംകുളം യൂണിയൻ പ്രസിഡന്റ് വി.ചന്ദ്രദാസ്, സെക്രട്ടറി പി. പ്രദീപ് ലാൽ, കരുനാഗപ്പള്ളി യൂണിയൻ പ്രസിഡന്റ് കെ.സുശീലൻ,സെക്രട്ടറി എ.സോമരാജൻ എന്നിവർ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.

ക്ഷേത്രത്തിൽ നിലവിലുണ്ടായിരുന്ന നിയമാവലി പ്രകാരം 40 ശതമാനം വീതം ഈഴവർക്കും നായർ സമുദായത്തിനും പത്ത് ശതമാനം ധീവര വിഭാഗത്തിനും പത്ത് ശതമാനം പൊതുഹിന്ദുവിനും പ്രതിനിധ്യമുണ്ടായിരുന്നു. എന്നാൽ ഇപ്പോൾ റിസീവറെ സഹായിക്കാനുള്ള സബ് കമ്മറ്റി രൂപീകരിച്ചപ്പോൾ ഈഴവ സമുദായത്തെ പൂർണമായും ഒഴിവാക്കിയതിലാണ് പ്രതിഷേധം.