വിവാദമല്ലാത്ത 3 ബില്ലുകളിൽ ഗവർണർ ഒപ്പിട്ടേക്കും

Saturday 18 March 2023 12:00 AM IST

തിരുവനന്തപുരം: മന്ത്രിമാർ രാജ്ഭവനിലെത്തി വിശദീകരണം നൽകിയതിന്റെ അടിസ്ഥാനത്തിൽ , വിവാദമല്ലാത്ത 3 ബില്ലുകളിൽ ഗവർണർ ഒപ്പിട്ടേക്കും.

പബ്ലിക് സർവീസ് കമ്മിഷൻ (വഖഫ് ബോർഡിന്റെ കീഴിലുള്ള സർവ്വീസുകളെ സംബന്ധിച്ച കൂടുതൽ ചുമതലകൾ) റദ്ദാക്കൽ, സഹകരണസംഘങ്ങളിൽ അഡ്മിനിസ്ട്രേറ്റർമാർക്ക് വോട്ട് ചെയ്യാനുള്ള ഭേദഗതി, മലപ്പുറം ജില്ലാബാങ്കിനെ കേരളബാങ്കിൽ ലയിപ്പിക്കുന്നതിനുള്ള ഭേദഗതി എന്നീ ബില്ലുകളിലാണ് ഒപ്പിടാൻ സാദ്ധ്യത. അതേസമയം, ലോകായുക്ത ഭേദഗതി, സെർച്ച് കമ്മിറ്റി 5 അംഗങ്ങളാക്കൽ, ചാൻസലർ പദവിയിൽ നിന്ന് ഗവർണറെ ഒഴിവാക്കൽ അടക്കം 5 വിവാദ ബില്ലുകൾ ഒപ്പിടാനിടയില്ല.

നിയമസഭ പാസാക്കിയ 8 ബില്ലുകൾ ഒപ്പിടാത്തതിന് ഗവർണർക്കെതിരെ സുപ്രീംകോടതിയെ സമീപിക്കാൻ സർക്കാർ ഒരുങ്ങുന്നതിനിടെയാണ്, ഇതിൽ മൂന്ന് ബില്ലുകളിൽ ഒപ്പിടാനുള്ള ഗവർണറുടെ തന്ത്രപരമായ നീക്കം. 9 ബില്ലുകൾ ഗവർണർ ഒപ്പിടാത്തതിനെതിരായ തെലങ്കാന സർക്കാരിന്റെ കേസ് 20ന് സുപ്രീംകോടതി പരിഗണിക്കും. തെലങ്കാന സർക്കാർ സുപ്രീംകോടതിയിൽ നൽകിയിട്ടുള്ള കേസിൽ കേരളം കക്ഷി ചേരാനും ഇടയുണ്ട്.