ടി.സി.എസിന് പുതിയ സി.ഇ.ഒ

Saturday 18 March 2023 3:52 AM IST

മുംബയ്: ടാറ്റ കൺസൾട്ടൻസി സർവീസസ് (ടി.സി.എസ്) പുതിയ സിഇഒ ആയി കെ. കൃതിവാസനെ നിയമിച്ചു. സി.ഇ.ഒയും മാനേജിംഗ് ഡയറക്ടറുമായിരുന്ന മലയാളിയായ രാജേഷ് ഗോപിനാഥൻ രാജിവച്ച ഒഴിവിലേക്കാണ് പുതിയ നിയമനം. ടെക് ലോകത്തെ അമ്പരപ്പിച്ചുകൊണ്ട് ഇന്നലെ ഏറെ വൈകിയായിരുന്നു നാടകീയ നീക്കങ്ങൾ നടന്നത്. കൃതിവാസൻ ടിസിഎസിലെ ബാങ്കിംഗ്, ഫിനാൻഷ്യൽ സർവീസസ്, ഇൻഷുറൻസ് (ബി.എഫ്,​എസ്,​ഐ) ബിസിനസ് ഗ്രൂപ്പിന്റെ പ്രസിഡന്റും ആഗോള തലവനുമാണ്. 1989 -ൽ ടിസിഎസിൽ ചേർന്ന കൃതിവാസൻ 34 വർഷമായി ആഗോള സാങ്കേതിക മേഖലയുടെ ഭാഗമാണ്. ടിസിഎസിൽ ഡെലിവറി, കസ്റ്റമർ റിലേഷൻഷിപ്പ് മാനേജ്മെന്റ്, ക്ലൗഡ് പ്രോഗ്രാം മാനേജ്മെന്റ്, സെയിൽസ് മേഖലകളിൽ കൃതിവാസൻ സേവനം അനുഷ്ഠിച്ചിട്ടുണ്ട്.

അതേസമയം രാജേഷ് ഗോപിനാഥൻ രാജിവയ്ക്കാനുള്ള കാരണം വ്യക്തമല്ല. 22 വർഷത്തിലേറെ ടിസിഎസിന്റെ ഭാഗമായിരുന്ന രാജേഷ്, കഴിഞ്ഞ് ആറു വർഷമായി ടിസിഎസിന്റെ സിഇഒയും, എംഡിയുമായിരുന്നു. വ്യക്തപരമായ കാരണങ്ങളാലാണ് രാജിയെന്നു നേതൃമാറ്റം പ്രഖ്യാപിച്ചു കൊണ്ട് ടിസിഎസ് വ്യക്തമാക്കി. എന്നാൽ അപ്രതീക്ഷിത രാജി ടെക് ലോകത്തെ ചർച്ചയായിട്ടുണ്ട്.

വിവിധ വേഷങ്ങളിൽ മാതൃകാപരമായ പ്രകടനമാണ് രാജേഷിനെ വ്യത്യസ്തനാക്കിയതെന്ന് ടിസിഎസ് ചെയർമാൻ എൻ. ചന്ദ്രശേഖരൻ പറഞ്ഞു. ഡെലിവറി, കസ്റ്റമർ റിലേഷൻഷിപ്പ് മാനേജ്മെന്റ്, ക്ലൗഡ് പ്രോഗ്രാം മാനേജ്മെന്റ്, സെയിൽസ് എന്നീ മേഖലകളിൽ അദ്ദേഹം വിവിധ നേതൃപരമായ റോളുകൾ വഹിച്ചിട്ടുണ്ട്. തന്റെ നേതൃകാലത്ത് ടിസിഎസ് 10 ബില്യൺ ഡോളറിലധികം വരുമാനവും, മാർക്കറ്റ് ക്യാപിറ്റലൈസേഷനിൽ 70 ബില്യൺ ഡോളറിന്റെ വർദ്ധനയും രേഖപ്പെടുത്തിയതായി ഗോപിനാഥ് വ്യക്തമാക്കി.

ടിസിഎസ് സിഇഒ രാജേഷ് ഗോപിനാഥന്റെ വാർഷിക വരുമാന കണക്കുകൾ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. വാർഷികടിസ്ഥാനത്തിൽ അദ്ദേഹത്തിന്റെ ശമ്പളത്തിലും ആനുകൂല്യങ്ങളിലും 26.6 ശതമാനം വർധനയുണ്ടായതായി റിപ്പോർട്ടുകൾ വ്യക്തമാക്കിയിരുന്നു. 2021- 22 സാമ്പത്തിക വർഷത്തിൽ രാജേഷ് ഗോപിനാഥന്റെ വരുമാനം 25.75 കോടിയായിരുന്നു. 2017 ലാണ് മലയാളിയായ ഗോപിനാഥൻ ടിസിഎസിന്റെ സിഇഒ ആയി നിയമിതനായത്. 2013 മുതൽ ടാറ്റ കൺസൾട്ടൻസിയുടെ ചീഫ് ഫിനാൻഷ്യൽ ഓഫീസറായിരുന്നു.

Advertisement
Advertisement