വട്ടപ്പാറ കൊടുംവളവിലെ തകർന്ന സുരക്ഷാഭിത്തി നന്നാക്കിയില്ല

Saturday 18 March 2023 12:54 AM IST
വാഹനങ്ങൾ ഇടിച്ച് തകരുന്ന വട്ടപ്പാറ പ്രധാന വളവിലെ സുരക്ഷാ ഭിത്തിയും, ഇരുമ്പു വേലിയും പുനസ്ഥാപിക്കുവാൻ വൈകുന്നത് ദുരന്തങ്ങൾ ആവർത്തിക്കുന്നതിനാടയാക്കുന്നു.

വളാാഞ്ചേരി: ദേശീയപാത 66ലെ സ്ഥിരം അപകട കേന്ദ്രമായ വട്ടപ്പാറ കൊടുംവളവിൽ തകർന്ന് കിടക്കുന്ന സുരക്ഷാ ഭിത്തിയും ഇരുമ്പ് വേലിയും പുനഃസ്ഥാപിക്കാത്തത് അപകടങ്ങളുടെ തീവ്രത കൂട്ടുന്നു. മൂന്ന് പേരുടെ മരണത്തിലേക്ക് വഴിവെച്ച ലോറിയപകടത്തിന്റെ ആഘാതം കൂട്ടിയതിന് തകർന്ന സുരക്ഷാഭിത്തി കാരണമായിട്ടുണ്ട്. പലപ്പോഴും സുരക്ഷാഭിത്തിയിൽ ഇടിച്ച് വാഹനങ്ങൾ റോഡിൽ മറിയുകയാണ് ചെയ്യാറുള്ളത്. സുരക്ഷാഭിത്തി തകർന്ന് കിടക്കുന്നതിനാൽ അപകടമുണ്ടായാൽ 30 അടി താഴ്ചയിലേക്ക് വാഹനം പതിക്കും. ഇറക്കത്തിൽ നിയന്ത്രണം വിട്ട് വന്ന വലിയ വാഹനങ്ങൾ നിരന്തരമായി ഇടിച്ചാണ് സുരക്ഷ ഭിത്തി തകർന്നത്. പാചക വാതകങ്ങളുമായി പോവുന്ന ടാങ്കർ ലോറികൾ താഴ്ചയിലേക്ക് മറിഞ്ഞ് വാതക ചോർച്ച ഉൾപ്പെടെ സംഭവിക്കുന്നത് ഒഴിവാക്കാനും, കരിങ്കല്ലിൽ തീർത്ത സുരക്ഷാ ഭിത്തിക്ക് സുരക്ഷ പോരെന്നും മനസ്സിലാക്കിയതിനെ തുടർന്നാണ് പിന്നീട് അതിനോട് ചേർന്ന് ഇരുമ്പ് സുരക്ഷാ വേലിയും സ്ഥാപിച്ചത്. ഇവ സ്ഥാപിക്കപ്പെട്ടതിന് ശേഷം അപകടത്തിൽപ്പെടുന്ന വാഹനങ്ങൾ റോഡരികിലാണ് മറിഞ്ഞിരുന്നത്. പല പ്രാവശ്യം വിവിധ ചരക്കു വാഹനങ്ങളുടെ ഇടിയേറ്റ് ഇവ രണ്ടും തകരുകയായിരുന്നു. ഉരുക്കു നിർമാണ സാമഗ്രികളുമായി പോവുകയായിരുന്ന കണ്ടെയ്നർ ലോറി സുരക്ഷാവേലിയും മതിലും തകർത്ത് താഴ്ചയിലേക്ക് മറിഞ്ഞിരുന്നു. പിന്നീട് വട്ടപ്പാറ അടിയിലെ പള്ളി മുതൽ പ്രധാന വളവിനോട് ചേർന്ന വടക്കെക്കുളമ്പ് റോഡ് വരെ സുരക്ഷാ വേലി പുനസ്ഥാപിച്ചെങ്കിലും, സുരക്ഷാ ഭിത്തിയുടെ തകർന്ന ഭാഗം പുനസ്ഥാപിച്ചിരുന്നില്ല. ഏറ്റവും ഒടുവിൽ തകർന്ന സുരക്ഷാ ഭിത്തിയോട് ചേർന്ന് കോൺക്രീറ്റ് ഡിവൈഡർ സ്ഥാപിക്കുകയും ചെയ്തിരുന്നു. ഈ ഡിവൈഡറാണ് ഒരാഴ്ച മുമ്പ് രാത്രിയിൽ ചരക്കു ലോറി ഇടിച്ച് ചിതറി നീങ്ങിയത്. തകർന്ന സുരക്ഷാ ഭിത്തി സമയബന്ധിതമായി ബലപ്പെടുത്തായിരുന്നുവെങ്കിൽ വെള്ളിയാഴ്ച സംഭവിച്ച ദുരന്തം ഒഴിവാക്കാമായിരുന്നു.

Advertisement
Advertisement