കൊച്ചിൻ ഇൻറർനാഷണൽ സ്കൂൾ ഉദ്ഘാടനം ഇന്ന്

Saturday 18 March 2023 3:00 AM IST

കൊച്ചി: ട്രിവാൻഡ്രം ഇന്റർനാഷണൽ സ്കൂളിന്റെ (ട്രിൻസ്)​ പുതിയ ക്യാമ്പസ്‌ കൊച്ചിൻ ഇന്റർനാഷണൽ സ്കൂൾ (കൊച്ചിൻസ്)​ ഇന്ന് ഉദ്ഘാടനം ചെയ്യും. എറണാകുളം പൂക്കാട്ടുപടിയിൽ 12.5 ഏക്കറിലാണ് ക്യാമ്പസ് ആരംഭിക്കുന്നത്. ഇന്റർനാഷണൽ പാഠ്യപദ്ധതി മാത്രം നൽകാൻ രൂപകല്പന ചെയ്തതാണ് സ്കൂൾ പ്രവർത്തിക്കുക. ട്രിൻസ് ഗ്രൂപ്പ്‌ ഓഫ് ഇൻസ്റ്റിറ്റ്യൂഷൻസ് 2020ൽ ഏറ്റെടുത്ത ചാർട്ടർ സ്കൂളിനോട് ചേർന്നാണ് കൊച്ചിൻ ഇന്റർനാഷണൽ സ്കൂൾ. ചാർട്ടർ സ്കൂൾ നിലവിലെ സി ബി എസ് ഇ പാഠ്യപദ്ധതി തന്നെ തുടരും. എന്നാൽ പൊതു സൗകര്യങ്ങൾ ഈ സ്കൂളിനും ലഭ്യമായിരിക്കും. നാല് സ്വിമ്മിംഗ് പൂൾ, ഫുട്ബോളിനും അത്‌ലറ്റിക്സിനുമുള്ള സ്പോർട്സ് ഫീൽഡ്, ബാസ്കറ്റ് ബോൾ, ബാഡ്മിന്റൺ, ടെന്നീസ് കോർട്ടുകൾ എന്നിങ്ങനെയുള്ള സ്‌പോർട്സ് സൗകര്യങ്ങളുമുണ്ട്. കൊച്ചിയിൽ അന്താരാഷ്ട്ര സ്കൂൾ വിദ്യാഭ്യാസം അവതരിപ്പിക്കാൻ അവസരം ലഭിച്ചത് ആവേശത്തോടെയാണ് കാണുന്നതെന്ന് ട്രിൻസ് ഗ്രൂപ്പ്‌ സ്ഥാപകനും ചെയർമാനുമായ ജോർജ് എം. തോമസ് പറഞ്ഞു.

തിരുവനന്തപുരത്തെ മാതൃവിദ്യാലയത്തിൽ നിന്നായിരിക്കും കൊച്ചിൻസിലെ മെന്റർഷിപ്പും ട്രെയിനിങ്ങുമുൾപ്പെടെ നടത്തുക. യുകെയിൽ നിന്നുള്ള റിച്ചാർഡ് ഹിൽബ്രാൻഡ് ആണ് സ്കൂൾ മേധാവി.

35 വർഷത്തെ അനുഭവ സാമ്പത്തുമായാണ് കൊച്ചിൻ ഇന്റർനാഷണൽ സ്കൂളിന്റെ കരിക്കുലം വികസിപ്പിക്കാൻ അദ്ദേഹമെത്തുന്നത്.

കുട്ടികളെ ജീവിതകാലം മുഴുവൻ പഠനത്തോടും കരുതലിനോടും ആസക്തിയുള്ളവരാക്കുകയും ഭാവിതലമുറയിലെ ആഗോള ലീഡർമാരാകാനായി ശാക്തീകരിക്കുകയുമാണ് ഞങ്ങളുടെ ദൗത്യമെന്ന് ട്രിൻസ് ഗ്രൂപ്പ്‌ എക്സിക്യൂട്ടീവ് ഡയറക്ടർ സപ്നു ജോർജ് പറഞ്ഞു. ലോകത്തെ നേരിടാനാവശ്യമായ നൈപുണ്യം വിദ്യാർഥികൾക്ക് ലഭിക്കാനാവശ്യമായ സൗകര്യങ്ങളാണ് കൊച്ചിൻസ് പ്രദാനം ചെയ്യുന്നതെന്ന് ട്രിൻസ് ഗ്രൂപ്പ്‌ അക്കാദമിക് ഡയറക്ടർ റിച്ചാർഡ് ഹിൽബ്രാൻഡ് പറഞ്ഞു. 1:15 എന്ന അധ്യാപക -വിദ്യാർത്ഥി അനുപാതത്തിലൂടെ ഓരോ കുട്ടിക്കും വ്യക്തിഗത ശ്രദ്ധ ഉറപ്പാക്കുമെന്ന് പ്രിൻസിപ്പൽ കരോൾ ടോത്ത് പറഞ്ഞു.

ജനീവ ആസ്ഥാനമായ ഇന്റർനാഷണൽ ബക്കലോറിയറ്റ് ഇന്ത്യയിൽ സീനിയർ ലെവൽ ഡിപ്ലോമ പ്രോഗ്രാമിന് 139 സ്കൂളുകളെയും പ്രൈമറി ലെവൽ പി.വൈ.പിക്ക് 97 സ്കൂളുകളെയും മാത്രമേ ഇന്ത്യയിൽ ചുമതലപ്പെടുത്തിയിട്ടുള്ളൂ എന്ന് ട്രിൻസ് ഗ്രൂപ്പ് ഐബി പ്രൈമറി ഇയേഴ്സ് പ്രോഗ്രാം ഹെഡ് സഞ്ജയ് പ്രഭാകരൻ പറഞ്ഞു.

Advertisement
Advertisement