ഓ..,​ മൈ ഗോൾഡ്..! സ്വർണവില റെക്കോഡിൽ; പവന് 43,​040

Saturday 18 March 2023 2:01 AM IST

കൊച്ചി: സംസ്ഥാനത്ത് സ്വർണവില സർവകാല റെക്കോഡിലെത്തി. ഇന്നലെ ഒരു പവന് 200 രൂപ വർദ്ധിച്ച് 43,040 രൂപയിലെത്തി. ഗ്രാമിന് 5380 രൂപ. കേരളത്തിലെ ഏറ്റവും ഉയർന്ന നിരക്കാണിത്. ഇതിനു മുൻപ് ഏറ്റവും ഉയർന്ന വിലയായ 42,880 രേഖപ്പെടുത്തിത് കഴിഞ്ഞ ഫെബ്രുവരി രണ്ടിന് ആയിരുന്നു. ഇതാദ്യമായാണ് സ്വർണ വില 43,000 കടക്കുന്നത്. വ്യാഴാഴ്ച 42,840 രൂപയായിരുന്നു വില. ഒരാഴ്ചക്കിടെ പവന്റെ വിലയിൽ 2,320 രൂപയുടെ വർദ്ധനയുണ്ടായി.

യു.എസ്. ബാങ്കുകളുടെ തകർച്ചയെ തുടർന്ന് നിക്ഷേപകർക്ക് സ്വർണത്തിലുള്ള വിശ്വാസം കൂടിയതാണ് പ്രധാന കാരണം. സംസ്ഥാനത്ത് ഒരു ഔൺസ് സ്വർണത്തിന് 1928.55 ഡോളർ എന്ന വിലയിലാണ് ഇന്നലെ വ്യാപാരം നടന്നത്. ഒരുദിവസംകൊണ്ട് 7.10 ഡോളർ വർദ്ധനവാണ് ഉണ്ടായിട്ടുള്ളത്. സ്വർണ വില ഇനിയും ഉയരാൻ സാധ്യതയുണ്ട്.

വെള്ളി വിലയും ഇന്നലെ വർദ്ധിച്ചു. ഒരു ഗ്രാം വെള്ളിയ്ക്ക് ഇന്നലെ 73.10 രൂപയിലാണ് വ്യാപാരം നടന്നത്. എട്ട് ഗ്രാം വെള്ളിയ്ക്ക് 584.80 രൂപയാണ് ഇന്നലെത്തെ വില.

സ്വർണം വാങ്ങാൻ

46,​600 വേണം

പവന് 43,​040 രൂപയാണെങ്കിലും കുറഞ്ഞത് അഞ്ച് ശതമാനം പണിക്കൂലിയും മൂന്ന് ശതമാനം ജി.എസ്.ടി. യും ഹാൾമാർക്ക് യുനീക്ക് ഐഡന്റിഫിക്കേഷൻ നമ്പർ (എച്ച്.യു.ഐ.ഡി)​ ചാർജും ഉൾപ്പെടെ ഇന്നലെത്തെ നിരക്ക് അനുസരിച്ച് ഏകദേശം 46,​600 രൂപയാകും ഒരു പവൻ സ്വർണം വാങ്ങാൻ. പണിക്കൂലി കൂടുതലായാൽ വില ഉയരും.

ഒരു പവന്റെ വില - 43,​040 രൂപ

ഏറ്റവും കുറഞ്ഞ പണിക്കൂലി (5%) - 2,​152 രൂപ

ജി.എസ്.ടി (3%)​- 1,​355.76 രൂപ

എച്ച്.യു.ഐ.ഡി ചാ‍ർജ്- 45 രൂപ

ആകെ പവന് - 46,​592.76 രൂപ

അഞ്ചു വർഷത്തെ

ഉയർന്നവില

(രൂപയിൽ)

2018: 23,​760

2019: 29,​120 (കഴിഞ്ഞ വർഷത്തേക്കാൾ 5,​360 രൂപ കൂടുതൽ)​

2020: 42,​000 (12,​880 രൂപ കൂടി)​

2021: 38,​400 (3,​600 രൂപ കുറഞ്ഞു)​

2022: 40,​560 (2,​160 രൂപ കൂടി )​

2023: 43,​040 (2,​480 രൂപ കൂടി )​

Advertisement
Advertisement