ഓമല്ലൂർ വയൽവാണിഭം, സൂപ്പർ മാർക്കറ്റ് പോലെ കുടുംബശ്രീ സ്റ്റാൾ

Saturday 18 March 2023 12:13 AM IST

പത്തനംതിട്ട : കൊടുംചൂടിൽ ദാഹിച്ച് എത്തുന്നവർക്ക് നാരങ്ങാവെള്ളവും ജ്യൂസും സംഭാരവും. കറുമുറെ തിന്നാൻ ഏത്തയ്ക്കാ, ചക്ക ഉപ്പേരിയും. തിരികെ പോകുമ്പോൾ വീട്ടിലേക്ക് അൽപ്പം പച്ചക്കറിയും വാങ്ങാം. ഇങ്ങനെ ഉപ്പു തൊട്ട് കർപ്പൂരം വരെ ഓമല്ലൂർ വയൽവാണിഭത്തിലെ കുടുംബശ്രീ സ്റ്റാളിൽ വിൽപ്പനയ്ക്കുണ്ട്. സംഘ കൃഷികൾ ചെയ്തു വിളവെടുത്ത പടവലങ്ങ, മത്തൻ, വെള്ളരി, മുരിങ്ങയ്ക്ക, പയർ, പാവൽ, കോവൽ, മുളക് തുടങ്ങി എല്ലാത്തരം പച്ചക്കറികളും ഇവിടെയുണ്ട്. ജില്ലയിലെ കുടുംബശ്രീകളിൽ കൃഷി ചെയ്യുന്നതും ഉൽപാദിപ്പിക്കുന്നതുമായ എല്ലാത്തരം വിളകളും ഉൽപ്പന്നങ്ങളും ഒറ്റക്കുടക്കീഴിൽ ഇവിടെ ലഭിക്കും.

ലിസി, പ്രമീള, മായ എന്നിവരാണ് ഇരുപത് പേർ അടങ്ങുന്ന സംഘത്തെ നയിക്കുന്നത്. തേൻ, കായം, വെളിച്ചെണ്ണ, ഉപ്പിലിട്ട നെല്ലിക്ക, വാളൻപുളി, കുടംപുളി തുടങ്ങിയ എല്ലാ ഉൽപ്പന്നങ്ങളും വയൽ വാണിഭത്തിൽ വിൽപ്പനയ്ക്കുണ്ട്. സി.ഡി.എസിന്റെ നേതൃത്വത്തിലാണ് സ്റ്റാൾ പ്രവർത്തിക്കുന്നത്.