സഭയിലെ ഏറ്റുമുട്ടൽ: ചികിത്സയിലുള്ളവരുടെയും ഡോക്ടർമാരുടെയും മൊഴിയെടുത്തു

Saturday 18 March 2023 12:52 AM IST

അനുമതി തേടി നിയമസഭാ സെക്രട്ടറിക്ക് പൊലീസ് കത്ത് നൽകും

.രമയുടെ പരാതിയിൽ പ്രത്യേക കേസെടുക്കില്ല

തിരുവനന്തപുരം : സ്പീക്കറുടെ ഓഫീസിന് മുന്നിൽ ഭരണ,പ്രതിപക്ഷ എം.എൽ.എമാരും,വാച്ച് ആൻഡ്

വാർഡും ഏറ്റുമുട്ടിയ സംഭവത്തിൽ മ്യൂസിയം പൊലീസ് അന്വേഷണം തുടങ്ങി. തിരുവനന്തപുരം ജനറൽ ആശുപത്രിയിൽ ചികിത്സയിലുള്ള വാച്ച് ആൻഡ് വാർഡുമാർ, ഇവരെയും പ്രതിപക്ഷ എം.എൽ.എമാരെയും ചികിത്സിച്ച ഡോക്ടർമാർ എന്നിവരുടെ മൊഴി രേഖപ്പെടുത്തി. ഇന്നലെ ഡോക്ടർമാർ സമരത്തിലായിരുന്നതിനാൽ ‌ മൊഴിയെടുപ്പ് പൂർത്തിയായില്ല.

സംഭവത്തിൽ വ്യക്തത വരുത്താൻ പൊലീസിന് സംഭവ സ്ഥലത്തെ ദൃശ്യങ്ങൾ പരിശോധിക്കുകയും എം.എൽ.എമാരുടെ മൊഴി രേഖപ്പെടുത്തുകയും വേണം..ഇതിന് നിയമസഭാ സെക്രട്ടറിയുടെ അനുമതി തേടി ഇന്ന് കത്ത് നൽകും. അനുമതി ലഭിച്ചാൽ നിയമസഭാ ഇടനാഴിയിലെ സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിക്കും.രണ്ട് ഭരണപക്ഷ എം.എൽ.എമാർക്കും, അഡീഷണൽ ചീഫ് മാർഷൽ ഉൾപ്പെടെ 9 വാച്ച് ആൻഡ് വാർഡിനുമെതിരെ ജാമ്യം ലഭിക്കാവുന്ന കുറ്റവും, ഏഴ് പ്രതിപക്ഷ എം.എൽ.എമാർക്കെതിരെ രണ്ട് മുതൽ പത്ത് വർഷം വരെ തടവുശിക്ഷ ലഭിക്കാവുന്ന ജാമ്യമില്ലാ വകുപ്പുകളുമാണ് ചുമത്തിയിട്ടുള്ളത്. കേസിൽ അറസ്റ്റ് ഉൾപ്പടെയുള്ള നടപടികൾ ഉടനുണ്ടാകില്ലെന്നാണ് വിവരം.
സംഘർഷത്തിനിടെ കൈയ്ക്ക് ഒടിവേറ്റ കെ..കെ.രമ ഡി.ജി.പിക്ക് നൽകിയ പരാതി ക്രമസമാധാന ചുമതലയുള്ള എ.ഡി.ജി.പി എം.ആർ അജിത് കുമാർ മുഖാന്തിരം മ്യൂസിയം പൊലീസിന് കൈമാറി.ഈ പരാതിയിൽ പ്രത്യേക കേസ് എടുക്കേണ്ടതില്ലെന്നാണ് പൊലീസ് നിലപാട്. പ്രത്യേക കേസെടുത്താൽ വാച്ച് ആൻഡ് വാർഡുമാരുടെ പരാതിയിലും അത് വേണ്ടിവരുമെന്ന് പൊലീസ് ചൂണ്ടിക്കാട്ടുന്നു. ഔദ്യോഗിക ജോലിക്കിടെ പ്രതിപക്ഷ എം.എൽ.എമാർ ആക്രമിച്ച് കൈയൊടിച്ചെന്ന വനിതാ വാച്ച് ആൻഡ് വാർഡ് ഷീനയുടെ പരാതിയിലാണ് ജാമ്യമില്ലാ വകുപ്പ് ചുമത്തിയത്. ഭരണപക്ഷ എം.എൽ.എമാരും വാച്ച് ആൻഡ് വാർഡും ആക്രമിച്ചെന്ന് പരാതി നൽകിയ പ്രതിപക്ഷത്തെ .സനീഷ് കുമാർ ജോസഫിന് ഒടിവുകളില്ല. ചെറിയ പരുക്കേയുള്ളൂ. അതിനാലാണ് അവർക്കെതിരെ ജാമ്യം ലഭിക്കുന്ന വകുപ്പുകളിൽ കേസെടുത്തതെന്നും പൊലീസ് പറഞ്ഞു..