സ്വർണവില 43000, വാങ്ങാൻ 46600, സർവകാല റെക്കോഡിൽ
Saturday 18 March 2023 12:56 AM IST
കൊച്ചി: സംസ്ഥാനത്ത് സ്വർണവില സർവകാല റെക്കോഡിലെത്തി. ഇന്നലെ ഒരു പവന് 200 രൂപ വർദ്ധിച്ച് 43,040 രൂപയിലെത്തി. ഗ്രാമിന് 5380 രൂപ. കേരളത്തിലെ ഏറ്റവും ഉയർന്ന നിരക്കാണിത്.
ജി.എസ്.ടിയും പണിക്കൂലിയും അടക്കം മൊത്തം 46600 രൂപയോളം ഒരു പവൻ വാങ്ങാൻ നൽകേണ്ടിവരും. പണിക്കൂലി വ്യത്യാസം അനുസരിച്ച് തുകയിൽ മാറ്റം വരാം.
ഇതിനു മുൻപ് ഏറ്റവും ഉയർന്ന വിലയായ 42,880 രേഖപ്പെടുത്തിത് കഴിഞ്ഞ ഫെബ്രുവരി രണ്ടിന് ആയിരുന്നു. ഇതാദ്യമായാണ് സ്വർണ വില 43,000 കടക്കുന്നത്. വ്യാഴാഴ്ച സ്വർണത്തിന് 42,840 രൂപയായിരുന്നു വില. ഒരാഴ്ചക്കിടെ പവന്റെ വിലയിൽ 2,320 രൂപയുടെ വർദ്ധനയുണ്ടായി.