അമ്മയെ കണ്ട് അനുഗ്രഹം വാങ്ങി രാഷ്ട്രപതി

Saturday 18 March 2023 12:00 AM IST
അമൃതപുരിയിലെത്തിയ രാഷ്ട്രപതി ദ്രൗപതി മുർമുവിന് മാതാ അമൃതാനന്ദമയി ഉപഹാരം നൽകുന്നു

കൊല്ലം: രാഷ്ട്രപതി ദ്രൗപദി മുർമു കരുനാഗപ്പള്ളിയിലെ അമൃതപുരിയിലെത്തി മാതാ അമൃതാനന്ദമയിയെ സന്ദർശിച്ചു. അര മണിക്കൂറിലേറെ ചെലവഴിച്ച് അമ്മയുടെ അനുഗ്രഹം വാങ്ങിയാണ് രാഷ്ട്രപതി മടങ്ങിയത്.

ഇന്നലെ രാവിലെ 9.35 നാണ് രാഷ്ട്രപതി മാതാ അമൃതാനന്ദമയി മഠത്തിലെത്തിയത്. സന്യാസിനിമാരുടെ നേതൃത്വത്തിൽ രാഷ്ട്രപതിയെ തിലകം ചാർത്തിയും മാലയും പൊന്നാടയുമണിയിച്ചും സ്വീകരിച്ചു. മാതാ അമൃതാനന്ദമയി മഠം വൈസ് ചെയർമാൻ സ്വാമി അമൃത സ്വരൂപാനന്ദപുരിയും രാഷ്ട്രപതിയെ സ്വീകരിക്കാനെത്തിയിരുന്നു.

തുടർന്ന് മാതാ അമൃതാനന്ദമയിയുമായി രാഷ്ട്രപതി കൂടിക്കാഴ്ച നടത്തി. ഗവർണർ ആരിഫ് മുഹമ്മദ് ഖാനും രാഷ്ട്രപതിക്കൊപ്പമെത്തിയിരുന്നു. ആശ്രമത്തിലെ കാളീക്ഷേത്രത്തിലും ദർശനം നടത്തി. ആശ്രമത്തിൽ മാതാ അമൃതാനന്ദമയിയെ സന്ദർശിക്കാനെത്തിയിരുന്ന മെക്‌സിക്കോയിൽ നിന്നുള്ള ആറ് എം.പിമാരെയും ദ്രൗപദി മുർമു കണ്ടു. ആശ്രമത്തിന്റെ നേതൃത്വത്തിൽ നടത്തുന്ന ജീവകാരുണ്യ പ്രവർത്തനങ്ങളെപ്പറ്റി അമൃത സർവകലാശാല പ്രൊവസ്റ്റ് ഡോ. മനീഷ വി.രമേഷിനോട് ചോദിച്ചറിഞ്ഞു. തുടർന്ന് 10.10ന് രാഷ്ട്രപതി അമൃതപുരിയിൽ നിന്ന് മടങ്ങി.

കളക്ടർ അഫ്‌സാന പർവീൺ, തിരുവനന്തപുരം റേഞ്ച് ഡി.ഐ.ജി ആർ.നിശാന്തിനി, സിറ്റി പൊലീസ് കമ്മിഷണർ മെറിൻ ജോസഫ് എന്നിവരും രാഷ്ട്രപതിക്കൊപ്പമുണ്ടായിരുന്നു.