നവജാതശിശുവിന്റെ മരണം മാതാവിന്റെ ബന്ധുക്കൾ കളക്ടർക്ക് പരാതി നൽകി

Saturday 18 March 2023 12:23 AM IST
നവജാതശിശു മരിച്ച സംഭവത്തിൽ നീതിതേടി കുഞ്ഞിന്റെ മാതാവ് ഹാജറ നജയുടെ സഹോദരി ഫർസാന സലീമും ജംഷീന റിയാസും കളക്ടർ എ.ഗീതയ്ക്ക് പരാതി നൽകാനെത്തിയപ്പോൾ

കോഴിക്കോട്: ഫാത്തിമ ഹോസ്പിറ്റലിൽ നവജാതശിശു മരിക്കാനിടയായ സംഭവത്തിൽ കുറ്റക്കാർക്കെതിരെ നടപടി ആവശ്യപ്പെട്ട് കുഞ്ഞിന്റെ മാതാവ് ഹാജറ നജയുടെ ബന്ധുക്കൾ കളക്ടർക്ക് പരാതി നൽകി. ഡോക്ടർക്കുണ്ടായ പിഴവ് മൂടിവയ്ക്കാനാണ് ഡോക്ടർമാരുടെ സമരമെന്നും അർഹതപ്പെട്ട നീതി തങ്ങൾക്ക് വേണമെന്നും ബന്ധുക്കൾ ജില്ലാ കളക്ടർ എ.ഗീതയോട് ആവശ്യപ്പെട്ടു. ശസ്ത്രക്രിയയെ ത്തുടർന്നുള്ള അവശത കാരണം പരാതിക്കാരിയായ കുന്ദമംഗലം സ്വദേശി ഹാജറ നജ കളക്ടറെ കാണാൻ എത്തിയില്ല. ഹാജറയുടെ സഹോദരിമാരും ബന്ധുക്കളും ആക്ഷൻ കമ്മറ്റി പ്രവർത്തകരുമാണ് കളക്ടറുടെ മുമ്പാകെ എത്തിയത്. ബന്ധുക്കളിൽ നിന്ന് പരാതി സ്വീകരിച്ച കളക്ടർ സിറ്റി പൊലീസ് കമ്മിഷണറുമായി സംസാരിച്ചെന്നും അർഹമായ നീതിക്കായി കൂടെയുണ്ടാവുമെന്ന് ഉറപ്പ് നൽകിയതായും ജനകീയ ആക്ഷൻ കമ്മിറ്റി ചെയർമാൻ സൈനുദ്ദീൻ നിസാമി കുന്ദ മംഗലം, കൺവീനറും മനുഷ്യാവകാശ പ്രവർത്തകരുമായ നൗഷാദ് തെക്കയിൽ എന്നിവർ പറഞ്ഞു.

സംഭവത്തിൽ അന്വേഷണം ആവശ്യപ്പെട്ട് ഹാജറ നജ കഴിഞ്ഞ ദിവസം ഐ.ജി നീരജ് കുമാർ ഗുപ്തയ്ക്ക് പരാതി നൽകിയിരുന്നു. സിറ്റി പൊലീസ് കമ്മിഷണർക്ക് പരാതി നൽകിയിട്ടും നടപടിയൊന്നുമാകാത്ത സാഹചര്യത്തിലാണ് നജ ആംബുലൻസിലെത്തി ഐ.ജിക്ക് നേരിട്ട് പരാതി നൽകിയത്.