ഡോക്ടർമാർ പണിമുടക്കി രോഗികൾ വലഞ്ഞു

Saturday 18 March 2023 12:28 AM IST
കോഴിക്കോട് ബീച്ച് ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിന് മുന്നിൽ ഒ.പി ടിക്കറ്റിനായി ക്യൂ നിൽക്കുന്ന രോഗികളും കൂട്ടിരിപ്പുകാരും

കോഴിക്കോട്: ഡോക്ടർമാർക്കും ആശുപത്രികൾക്കും നേരെയുള്ള ആക്രമണങ്ങളിൽ പ്രതിഷേധിച്ച് ഡോക്ടമാർ കൂട്ടത്തോടെ പണിമുടക്കിയത് രോഗികളെ വലച്ചു. ഗവ.മെഡിക്കൽ കോളേജ് ആശുപത്രിയടക്കം ജില്ലയിലെ സർക്കാർ -സ്വകാര്യ ആശുപത്രികളെല്ലാം സ്തംഭിച്ചു. അത്യാഹിത വിഭാഗവും അടിയന്തര ശസ്ത്രക്രിയയും ഒഴികെ മറ്റെല്ലാം നിശ്ചലമായി. മെഡിക്കൽ കോളേജ് ആശുപത്രിയിൽ ജില്ലയ്ക്കകത്തും പുറത്തുനിന്നുമായെത്തിയ നൂറുകണക്കിന് രോഗികൾ ചികിത്സ കിട്ടാതെ മടങ്ങി. ബീച്ച് ഗവ.ആശുപത്രി, കോട്ടപ്പറമ്പ് മാതൃശിശു സംരക്ഷണ കേന്ദ്രം, വടകര, കൊയിലാണ്ടി, നാദാപുരം, പേരാമ്പ്ര, കുറ്റ്യാടി ബാലുശ്ശേരി, താമരശ്ശേരി എന്നിവിടങ്ങളിലെ സർക്കാർ, സ്വകാര്യ ഡോക്ടർമാർ പണിമുടക്കിയതോടെ രോഗികൾ വലഞ്ഞു. ഇവിടങ്ങളിലെല്ലാം ഡോക്ടറെ കാണാനായി രോഗികളുടെ നീണ്ട ക്യൂവാണുണ്ടായത്. മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് സമീപ ജില്ലകളിൽ നിന്ന് എത്തിയവർ പോലും നിരാശയോടെ മടങ്ങുന്ന കാഴ്ചയായിരുന്നു.

പലരും സമരമറിയാതെ അതിരാവിലെ തന്നെയെത്തി തിരിച്ചു പോകുകയായിരുന്നു. ചിലർ ഡോക്ടറെ കാണാനാകാതെ പ്രഷറും ഷുഗറും പരിശോധിച്ച് മടങ്ങി. ന്യായമായ ആവശ്യങ്ങൾ ഉയർത്തിയായിരുന്നു ഡോക്ടർമാർ സമരത്തിനിറങ്ങിയതെങ്കിലും വലഞ്ഞത് രോഗികൾ. ഐ.എം.എ സംസ്ഥാന ഘടകം, കേരള ഗവ.മെഡിക്കൽ കോളേജ് ടീച്ചേഴ്സ് അസോസിയേഷൻ, ഇന്ത്യൻ ദന്തൽ അസോസിയേഷൻ, ഹൗസ് സർജൻസ് അസോസിയേഷൻ, സ്റ്റുഡന്റ്സ് യൂണിയനുകൾ എന്നിവരെല്ലാം പണിമുടക്കിൽ അണിനിരന്നു. ഡോക്ടർമാർ പ്രതിഷേധ റാലിയും ധർണയും സംഘടിപ്പിച്ചു. കോഴിക്കോട് ഫാത്തിമ ആശുപത്രിയിൽ പ്രസവത്തിനിടെ കുന്ദമംഗലം സ്വദേശിനി ഹാജറ നജയുടെ കുഞ്ഞ് മരിച്ചതിനെ തുടർന്നുണ്ടായ അനിഷ്ട സംഭവങ്ങളാണ് ഡോക്ടർമാരുടെ പ്രതിഷേധ സമരത്തിന് കാരണമായത്.

@ മെഡിക്കൽ കോളേജിൽ ദുരിത കാഴ്ച

ജില്ലയ്ക്ക് അകത്തും പുറത്തുനിന്നുമായി ദിനംപ്രതി നൂറുകണക്കിന് രോഗികൾ എത്തുന്ന മെഡിക്കൽ കോളേജിലെ ഇന്നലത്തെ കാഴ്ച ദുരിതമയമായിരുന്നു. അത്യാഹിത വിഭാഗം മാത്രം പ്രവർത്തിച്ചപ്പോൾ ഒ.പി പൂർണമായും മുടങ്ങി. സ്പെഷ്യാലിറ്റി ക്ലിനിക്കുകളും പ്രവർത്തിച്ചില്ല. അത്യാഹിത വിഭാഗത്തിന് പുറമേ മാതൃശിശുസംരക്ഷണ കേന്ദ്രത്തിൽ ലേബർ റൂം മുടങ്ങിയില്ലെന്നത് മാത്രമാണ് ആശ്വസം. സ​മ​രം അ​റി​യാ​തെ​ ​മെഡിക്കൽ കോളേജിൽ എത്തിയ രോഗികളാണ് ഏറെ വലഞ്ഞത്. ആശുപത്രിയിൽ രാവിലെ എട്ട് മുതൽ തന്നെ ഒ .​പി.​ടി​ക്ക​റ്റ് ​ ​വി​ത​ര​ണം​ ​ചെ​യ്തി​രു​ന്നു.​ ശേഷം ഗുരുതരമായ അസുഖമുള്ളവരെയും മറ്റ് ജില്ലകളിൽ നിന്ന് എത്തിയവരെയും ഒ.പിയിൽ നിന്ന് വിവിധ കാഷ്യാലിറ്രികളിലേക്ക് പറഞ്ഞയക്കുകയായിരുന്നു. ഒ.പി ടിക്കറ്റ് കിട്ടിയപ്പോൾ ഡോക്ടറെ കാണാമെന്ന് കരുതിയെങ്കിലും മണിക്കൂറുകൾ കാത്തുനിന്നിട്ടും നിരാശയായിരുന്നു ഫലം. എമർജൻസി അല്ലാത്ത രോഗികളെ ​ ​തി​രി​ച്ചയച്ചു. മുൻകൂട്ടി നിശ്ചയിച്ച സർജറികൾ ഒന്നും നടന്നില്ല. പൊതുവേ ആശുപത്രിയിൽ ഇന്നലെ രോഗികൾ എത്തിയത് കുറവായിരുന്നു. സാധാരണ മെഡിക്കൽ കോളേജിൽ മാത്രം 3000ത്തോളം രോഗികൾ എത്തിയിരുന്നെങ്കിലും ഇന്നലെ 1000ത്തിൽ കുറവായിരുന്നു. അടിയന്തര പ്രാധാന്യമുള്ള സർജറികൾക്ക് മുടക്കമുണ്ടായിരുന്നില്ല. ഐ.​എം​.സി​ .​എ​ച്ച് ​ഒ​ ​പി​ ​യി​ൽ​ ചി​കി​ത്സ​ ​തേ​ടി​യ​വരുടെയും എണ്ണം കുറവായിരുന്നു. ​സാ​ധാ​ര​ണ​ ​ഇ​വി​ടെ​ 750​ ​ഓ​ളം​ ​പേ​രാ​ണ് ​ഉ​ണ്ടാ​കാ​റു​ള്ള​ത്.​ ​പ്ര​സ​വ​ ​വേ​ദ​ന​യു​മായി വന്നവരെ​ ​നേ​രി​ട്ട് ​ലേ​ബ​ർ​ ​റൂ​മി​ലേ​ക്ക് ​മാ​റ്റി.​ ​അ​ല്ലാ​ത്ത​വ​രെ​ ​പ​രി​ശോ​ധിച്ച് ​വി​ട്ട​യ​ച്ചു.​ ​ മെഡിക്കൽ കോളേജിൽ കെ.ജി.പി.എം.ടിഎ ( കേരള ഗവ.പോസ്റ്റ് ഗ്രാജുവേറ്റ് മെഡിക്കൽ ടീച്ചേഴ്സ് അസോസിയേഷൻ),കെ.ജി.എം.സി.ടി.എ (കേരള മെഡിക്കൽ കോളേജ് ടീച്ചേഴ്സ് അസോസയേഷൻ), പി.ജി അസോസിയേഷൻ, ഹൗസ് സർജൻസ് അസോസിയേഷൻ, കോളേജ് യൂണിയൻ എന്നിവരുടെ സംയുക്താഭിമുഖ്യത്തിലാണ് ഒ.പി ബഹിഷ്‌കരണം നടന്നത്. സംഘടനകൾ മെഡിക്കൽ കോളേജിൽ പ്ലക്കാർഡുകൾ ഉയർത്തി പ്രതിഷേധിച്ചു. കെ.ജി.പി.എം.ടി.എ ഭാരവാഹികളായ ഡോ. ബിനേഷ്, ഡോ. മുഹമ്മദ് സലീം, ഡോ. സഫ്ന, ഡോ. സൗഫിറ, കെ.ജി.എം.സി.ടി.എ ഭാരവാഹികളായ ഡോ. മായ, ഡോ. നിർമ്മൽ ഭാസ്കർ, ഡോ. ഗോപകുമാർ, പിജി ഭാരവാഹികൾ തുടങ്ങിയവർ പങ്കെടുത്തു.

ഡോക്ടർമാരുടെ പ്രതിഷേധ റാലിയും ധർണയും

കോഴിക്കോട്: ഐ.എം.എയുടെ നേതൃത്വത്തിൽ സംസ്ഥാന വ്യാപകമായി ഡോക്ടർമാർ നടത്തിയ സമരത്തിന്റെ ഭാഗമായി ജില്ലയിലെ ഡോക്ടർമാർ വിവിധ കേന്ദ്രങ്ങളിൽ പ്രതിഷേധ റാലിയും ധർണയും നടത്തി. ഐ.എം.എ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കോഴിക്കോട് കിഡ്സൺ കോർണറിൽ നടത്തിയ പ്രതിഷേധ ധർണ മുൻ സംസ്ഥാന പ്രസിഡന്റ് ഡോ.പ്രദീപ്കുമാർ.വി.ജി ഉദ്ഘാടനം ചെയ്തു. ഐ.എം.എ പ്രസിഡന്റ് ഡോ.വേണുഗോപാൽ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന നേതാക്കളായ ഡോ.പി.എൻ.അജിത, അജിത് ഭാസ്‌കർ, എം.മുരളീധരൻ, ഡോ.മൊയ്തു കെ, ഡോ.അബ്ദുൾഖാദർ, ഡോ.രാജു കെ.വി, അനീൻ.എൻ.കുട്ടി, ഇഷ്രത്ത് റിഫായി, കെ.ജി.എം.ഒ.എ സംസ്ഥാന പ്രസിഡന്റ് ഡോ. ടി.എൻ.സുരേഷ്, ഡോ.നിർമൽ ഭാസ്‌കർ, ഡോ.വിനോദ്, ഡോ.ബിനീഷ്, ഡോ.രമേഷ് ഭാസി എന്നിവർ പ്രസംഗിച്ചു. കോഴിക്കോട് ബ്രാഞ്ച് സെക്രട്ടറി ഡോ.സന്ധ്യകുറുപ്പ് നന്ദി പറഞ്ഞു. ജാഥയിൽ എഴുന്നൂറോളം ഡോക്ടർമാർ പങ്കെടുത്തു.

Advertisement
Advertisement