ജനകീയ പ്രതിരോധ ജാഥയ്‌ക്ക് ഇന്ന് സമാപനം

Saturday 18 March 2023 12:31 AM IST

തിരുവനന്തപുരം: സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ നയിക്കുന്ന ജനകീയ പ്രതിരോധ ജാഥ ഇന്ന് തലസ്ഥാനത്ത് സമാപിക്കും. കാസർകോട് മഞ്ചേശ്വരം കുമ്പളയിൽ നിന്നും ഫെബ്രുവരി 20 ന് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്‌ഘാടനം ചെയ്ത ജാഥ 14 ജില്ലകളിലെ മലയോരം മുതൽ കടലോരം വരെയുള്ള പ്രദേശങ്ങളിലെ 135 കേന്ദ്രങ്ങളിൽ നൽകിയ സ്വീകരണം ഏറ്റുവാങ്ങിയാണ് ഇന്ന് വൈകിട്ട് 5 ന് പുത്തരിക്കണ്ടത്ത് സമാപിക്കുന്നത്.
സി.പി.എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി സമാപന സമ്മേളനം ഉദ്‌ഘാടനം ചെയ്യും. ജാഥാ കാപ്ടനും അംഗങ്ങൾക്കും പുറമെ അഖിലേന്ത്യാ, സംസ്ഥാന നേതാക്കൾ സംബന്ധിക്കും..സമാപന സമ്മേളനത്തിൽ നേമം, വട്ടിയൂർക്കാവ്, തിരുവനന്തപുരം, കഴക്കൂട്ടം നിയോജക മണ്ഡലങ്ങളിലെ പ്രവർത്തകരാണ് പങ്കെടുക്കുന്നത്.

സി.പി.എം സംസ്ഥാന സെക്രട്ടേറിയേറ്റ് അംഗം പി.കെ.ബിജു മാനേജരായ ജാഥയിൽ കേന്ദ്രകമ്മിറ്റി അംഗം സി.എസ് .സുജാത,സംസ്ഥാന സെക്രട്ടേറിയ റ്റ് അംഗം എം.സ്വരാജ്,ജെയ്‌ക് സി. തോമസ്,കെ.ടി.ജലീൽ എന്നിവരാണ് സ്ഥിരാംഗങ്ങൾ. ദിവസവും അഞ്ച് വീതം കേന്ദ്രങ്ങളിലാണ് ജാഥക്ക് സ്വീകരണം നൽകിയത്.
വിവിധ സ്വീകരണ കേന്ദ്രങ്ങളിൽ ചുവപ്പ് സേന വോളന്റിയർമാർ ഗാഡ് ഓഫ് ഓണർ നൽകിയാണ് ജാഥയെ വരവേറ്റത്.. 15 ലക്ഷത്തിലധികം പേർ ജാഥയുടെ വിവിധ സ്വീകരണ കേന്ദ്രങ്ങളിൽ പങ്കാളികളായി.

Advertisement
Advertisement