കൈക്കൂലി വാങ്ങുമ്പോൾ താലൂക്ക് സർവേയർ വിജിലൻസ് പിടിയിൽ

Saturday 18 March 2023 12:43 AM IST

കൊല്ലം: വസ്തു അളവിന് 2000 രൂപ കൈക്കൂലി വാങ്ങിയ പുനലൂർ താലൂക്ക് സർവേ ഓഫീസിലെ ഫസ്റ്റ് ഗ്രേഡ് സർവേയർ മനോജ് ലാൽ വിജിലൻസ് പിടിയിലായി. കൊല്ലം കരവാളൂർ സ്വദേശിയായ പ്രവാസി നാലുവർഷം മുമ്പ് വാങ്ങിയ 36 സെന്റ് സ്ഥലം റീസർവേയിൽ മറ്റൊരാളുടെ പേരിലാണ് കിടക്കുന്നതെന്ന് കണ്ടെത്തി. ഇത് ശരിയാക്കാൻ വസ്തു ഉടമയുടെ സഹോദരൻ അപേക്ഷ നൽകി. വസ്തു അളന്ന് തിട്ടപ്പെടുത്താൻ ഇന്നലെ രാവിലെ മനോജ്ലാലും സ്വകാര്യ അളവുകാരനുമെത്തി. മനോജ് ലാൽ നിർദേശിച്ചതനുസരിച്ച് സ്വകാര്യ അളവുകാരന് പ്രതിഫലമായി 1000 രൂപ നൽകി. ഇതിന് ശേഷമാണ് 5000 രൂപ ആവശ്യപ്പെട്ടത്. വൈകിട്ട് അഞ്ചൽ മിനിസിവിൽ സ്റ്റേഷനിലെ കൃഷി ഓഫീസിന് മുന്നിലെത്താനും നിർദേശിച്ചു. പരാതിക്കാരൻ ഇക്കാര്യം കൊല്ലം വിജിലൻസ് ഡിവൈ.എസ്.പി അബ്ദുൽവഹാബിനെ അറിയിച്ചു.

വൈകിട്ട് നാലരയോടെ തന്റെ കൈവശം 2000 രൂപയേ ഉള്ളുവെന്ന് പറഞ്ഞ് നൽകിയ പണം വാങ്ങി പോക്കറ്റിലിടുന്നതിനിടെ മനോജ് ലാലിനെ വിജിലൻസ് പിടികൂടുകയായിരുന്നു. പ്രതിയെ വിജിലൻസ് കോടതിയിൽ ഹാജരാക്കും. പൊതുജനങ്ങൾക്ക് അഴിമതി സംബന്ധിച്ച വിവരങ്ങൾ 1064 (ടോൾ ഫ്രീ)​,​ 8592900900 എന്നീ നമ്പരുകളിലോ 9447789100 എന്ന വാട്ട്സ് ആപ്പ് നമ്പരിലോ
അറിയിക്കാമെന്ന് വിജിലൻസ് ഡയറക്ടർ മനോജ് എബ്രഹാം അറിയിച്ചു.

Advertisement
Advertisement