എഴുകോൺ ഇ.എസ്.ഐ ആശുപത്രി ബോണ്ട് ഡോക്ടർമാരുടെ പരിശീലന കളരി

Saturday 18 March 2023 12:46 AM IST

 നികത്താതെ 76 സ്ഥിരം ഒഴിവുകൾ

എഴുകോൺ: പ്രസവ ശസ്ത്രക്രിയയ്ക്കിടെ സർജിക്കൽ മോപ്പ് വയറ്റിൽ തുന്നിക്കെട്ടി വിവാദത്തിലായ എഴുകോൺ ഇ.എസ്.ഐ ആശുപത്രി എം.ബി.ബി.എസ് പഠനം കഴിഞ്ഞവർക്ക് ബോണ്ട് കാലാവധി പൂർത്തിയാക്കാനുള്ള പരിശീലന കളരി മാത്രം.

സ്പെഷ്യലിസ്റ്റ് വിഭാഗത്തിൽ 12 പേർ ഉൾപ്പെടെ 76 ഡോക്ടർമാരുടെ സ്ഥിരം തസ്തികകളാണ് ഇവിടെ ഒഴിഞ്ഞുകിടക്കുന്നത്. ബോണ്ട് കാലാവധി പൂർത്തിയാക്കാനെത്തിയ 33 പേരാണ് ഇപ്പോൾ ചികിത്സാ വിഭാഗം ചലിപ്പിക്കുന്നത്.

ജനറൽ മെഡിക്കൽ ഓഫീസർമാരുടെ 58 ഉം, സ്പെഷ്യലിസ്റ്റ് വിഭാഗത്തിൽ 20 ഉം, സീനിയർ റെസിഡന്റ് വിഭാഗത്തിൽ 15 ഉം ഉൾപ്പെടെ 93 സ്ഥിരം തസ്തികകൾ വേണ്ട സ്ഥാനത്ത് ഒൻപത് ജനറൽ മെഡിക്കൽ ഓഫീസർമാരും എട്ട് സ്പെഷ്യാലിറ്റി ഡോക്ടർമാരുമാണ് സേവനത്തിലുള്ളത്. ഇരു വിഭാഗങ്ങളിലുമായി 13 ഡോക്ടർമാർ കരാറടിസ്ഥാനത്തിലും ജോലി ചെയ്യുന്നു. ബോണ്ട് പൂർത്തിയാക്കാനെത്തിയ 33 പേരാണ് ബാക്കിയുള്ള മെഡിക്കൽ ഓഫീസർമാർ.

15 സീനിയർ റെസിഡന്റുമാർ വേണ്ടിടത്ത് സ്ഥിരം നിയമനമില്ല. ഇവിടെ ഒൻപത് ഡോക്ടർമാർ കരാറടിസ്ഥാനത്തിലുണ്ട്.

സർജറി, റേഡിയോളജി, പീഡിയാട്രിക് സ്പെഷ്യാലിറ്റികളിൽ രണ്ട് വീതം സ്ഥിരം ഒഴിവുകളുണ്ട്. ദന്തൽ, ശ്വാസകോശം, പതോളജി എന്നിവയിലെ ഒഴിവുകളും നികത്തിയിട്ടില്ല. ബോണ്ട് പരിശീലനം തേടുന്നവർക്ക് മാർഗ നിർദേശം നൽകുന്നതിനുള്ള പരിചയസമ്പന്നർ പോലും ആശുപത്രിയിലില്ല.

റഫർ ചെയ്യുന്നതിലും അനാസ്ഥ

വിദഗ്ദ്ധ ചികിത്സ ആവശ്യമുള്ളവരെ റഫർ ചെയ്യുന്നതിലും അനാസ്ഥ കാട്ടുന്നതായി ആക്ഷേപമുണ്ട്. അടുത്തിടെ ആശുപത്രിയിലെ ഒരു ജീവനക്കാരൻ എറണാകുളത്തെ സ്വകാര്യ സൂപ്പർ സ്പെഷ്യാലിറ്റി ആശുപത്രിയിൽ മരണമടഞ്ഞിരുന്നു. എഴുകോണിൽ നിന്നുള്ള റഫറൻസ് ലെറ്റർ വൈകിയതിനാൽ ദിവസങ്ങളോളം അത്യാഹിത വിഭാഗത്തിൽ തന്നെ കഴിയേണ്ടിവന്നുവെന്നാണ് സഹ ജീവനക്കാരുടെ ആക്ഷേപം. റഫറൻസ് കിട്ടി ശരിയായ ചികിത്സ തുടങ്ങിയപ്പോഴേക്കും രോഗി മരിച്ചു.

ചികിത്സാ ചെലവ് കുറച്ച് ഉന്നതാധികാരികളുടെ പ്രീതി സമ്പാദിക്കാൻ ആശുപത്രി അധികൃതർ ബോധപൂർവം റഫറൻസ് നിഷേധിക്കുകയായിരുന്നുവെന്നും പറയുന്നു.