നടപ്പാതയിൽ അപകട പോസ്റ്റ്
Saturday 18 March 2023 1:34 AM IST
കുണ്ടറ: ആശുപത്രി ജംഗ്ഷനിലെ സൂപ്പർമാർക്കറ്റിന് മുന്നിലൂടെ നടക്കുന്നത് സൂക്ഷിച്ചുവേണം. എപ്പോൾ വേണമെങ്കിലും ടെലിഫോൺ പോസ്റ്റിൽ ചെന്നിടിക്കാം. നടപ്പാതയുടെയുടെ അത്ര നടുവിലായിട്ടാണ് പോസ്റ്റിന്റെ നിൽപ്പ്. കാൽനടക്കാരന് ഒന്ന് ചാഞ്ഞോ, ചരിഞ്ഞോ അവിടം കടന്നുപോകാമെന്ന് കരുതിയാലും രക്ഷയില്ല. ടെലിഫോൺ പോസ്റ്റിൽ ഒരാൾ ഉയരത്തിൽ ഉറപ്പിച്ചിരിക്കുന്ന ഇരുമ്പ് ദണ്ഡാണ് അതിലേറെ അപകടകരം. പോസ്റ്റിൽ വന്നിടിക്കുന്നവരുടെ തലയിൽ കുത്തിക്കയറുന്ന ഉയരത്തിലാണ് ഇതുള്ളത്. അപകടം തുടർച്ചയായപ്പോൾ ഇരുമ്പ് ദണ്ഡിന്റെ കൂർത്തവശങ്ങളിൽ കട്ടിയുള്ള പേപ്പറും തുണിയും വച്ചുകെട്ടിയിരിക്കുകയാണ് നാട്ടുകാർ. അധികൃതർ ഇടപെട്ട് പ്രശ്‌നത്തിന് ശാശ്വത പരിഹാരം കാണണമെന്നതാണ് നാട്ടുകാരുടെ ആവശ്യം.