വൻ സാദ്ധ്യതകൾ തേടി സ്റ്റാർട്ടപ്പ് പ്രതിനിധി സംഘം ഓസ്ട്രിയയിൽ

Saturday 18 March 2023 2:28 AM IST

തിരുവനന്തപുരം: ഓസ്ട്രിയൻ സ്റ്റാർട്ടപ്പ് വ്യവസ്ഥയെക്കുറിച്ച് പഠിക്കാനും സാങ്കേതികനിക്ഷേപ സാദ്ധ്യതകൾ മനസ്സിലാക്കാനുമായി കേരളത്തിൽ നിന്നുള്ള സ്റ്റാർട്ടപ്പ് പ്രതിനിധി സംഘം ഓസ്ട്രിയ സന്ദർശിച്ചു. കേരള സ്റ്റാർട്ടപ്പ് മിഷൻ, അഡ്‌വാന്റേജ് ഓസ്ട്രിയ, കാർവ് സ്റ്റാർട്ടപ്പ് ലാബ്സ് എന്നിവയുടെ സഹകരണത്തോടെയായിരുന്നു ഒരാഴ്ച നീണ്ടുനിന്ന സന്ദർശനം.

നെക്സ്ബില്ല്യൻ ലാബ്സ് പ്രൈവറ്റ് ലിമിറ്റഡ്, എല്ലോ ടാലന്റ് മാർക്കറ്റ് പ്ലേസസ്, ആക്രി, വിസികോം നർച്ചർ, ലിഥോസ് ടെക്‌നോസോഫ്റ്റ് പ്രൈവറ്റ് ലിമിറ്റഡ്, ഇന്റർനാഷണൽ വെർച്വൽ അസിസ്റ്റന്റ് പ്രൈവറ്റ് ലിമിറ്റഡ് എന്നീ കമ്പനികളുടെ സി.ഇ.ഒമാരും കെ.എസ്.യു.എം, കാർവ് സ്റ്റാർട്ടപ്പ് ലാബ്സ് പ്രതിനിധികളുമാണ് സംഘത്തിലുണ്ടായിരുന്നത്.

ഓസ്ട്രിയയിലെ ദേശീയ നിക്ഷേപക പ്രോത്സാഹന ഏജൻസിയായ ഓസ്ട്രിയൻ ബിസിനസ് ഏജൻസി (എ.ബി.എ)യുമായും കൂടിക്കാഴ്ച നടത്തി. എ.ബി,എയുടെ ഏഷ്യാ വിഭാഗം ഡയറക്ടർ മത്തായിസ് അഡെൽവോറെറാണ് അവതരണം നടത്തിയത്. ഓസ്ട്രിയയിൽ വിദേശനിക്ഷേപം നടത്തുന്നതിനുള്ള അനുമതി നൽകുന്ന ഏക ഉന്നത സർക്കാർ സ്ഥാപനമാണ് എ.ബി.എ.

അതിനുശേഷം വിയന്ന ബിസിനസ് ഏജൻസി സന്ദർശിച്ച സംഘം വട്ടമേശ സമ്മേളനത്തിലും പങ്കെടുത്തു. ഇൻസ്ബർക്കിലുള്ള സ്‌കിന്നോവെഷൻ പരിപാടിയുടെ ഭാഗമായി ആൽപൈൻ ആൻഡ് സ്‌പോർട്സ് ടെക് ഡേയിലും സംഘം പങ്കെടുത്തു. സ്റ്റാർട്ടപ്പ് സ്ഥാപകർ, നിക്ഷേപകർ, കോർപറേറ്റുകൾ എന്നിവരുമായി ആശയവിനിമയം, സ്റ്റാർട്ടപ്പ് ഫെയറിൽ ഉത്പന്ന പരീക്ഷണം എന്നിവയാണ് ഇവിടെയുണ്ടായിരുന്നത്.

Advertisement
Advertisement