ബ്രഹ്മപുരം തീപിടിത്തം; ആസൂത്രണ സമിതി യോഗം തിങ്കളാഴ്ച ചേരും

Saturday 18 March 2023 6:57 AM IST

കൊച്ചി: ബ്രഹ്മപുരം തീപിടിത്തത്തിന്റെ പശ്ചാത്തലത്തിൽ ആസൂത്രണ സമിതി യോഗം ഈ മാസം 20ന് ചേരും. ശുചിത്വ - മാലിന്യ സംസ്‌കരണവുമായി ബന്ധപ്പെട്ട വിഷയങ്ങളായിരിക്കും യോഗത്തിൽ ചർച്ച ചെയ്യുക. ബ്രഹ്മപുരം തീപിടുത്തത്തിൽ കോർപ്പറേഷന് മുന്നിൽ വിവിധ സംഘടനകളുടെ പ്രതിഷേധം തുടർന്നുകൊണ്ടിരിക്കുകയാണ്. മേയർ അനിൽ കുമാറിന്റെ രാജി ആവശ്യപ്പെട്ടുകൊണ്ടാണ് പ്രതിഷേധം.

തദ്ദേശ സ്ഥാപനങ്ങളിലെ മാലിന്യ സംസ്‌കരണവുമായി ബന്ധപ്പെട്ട വിഷയങ്ങളാണ് സമിതി ചർച്ച ചെയ്യുക. ആസൂത്രണ സമിതി ഹാളിൽ ചേരുന്ന യോഗത്തിൽ ജില്ലാ കളക്ടർ എ എസ് കെ ഉമേഷ്, മേയർ അഡ്വ. എം അനിൽകുമാർ, എറണാകുളം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഉല്ലാസ് തോമസ് എന്നിവർ പങ്കെടുക്കും. ഇവർക്ക് പുറമെ ആസൂത്രണ സമിതി അംഗങ്ങൾ, ശുചിത്വ മിഷൻ, ഹരിത കേരള മിഷൻ, വിദഗ്ധ സമിതി അംഗങ്ങൾ, തദ്ദേശ സ്ഥാപന അദ്ധ്യക്ഷന്മാർ, സെക്രട്ടറിമാർ തുടങ്ങിയവരും യോഗത്തിന്റെ ഭാഗമാകും.

അതേസമയം, ബ്രഹ്മപുരം തീപിടുത്തവുമായി ബന്ധപ്പെട്ട് കൊച്ചി കോർപ്പറേഷൻ നൂറ് കോടി രൂപ പിഴ അടയ്ക്കണമെന്ന് ദേശീയ ഹരിത ട്രൈബ്യൂണൽ ഉത്തരവ് പുറത്തിറക്കി. ഈ തുക കേരള ചീഫ് സെക്രട്ടറിക്ക് അടയ്ക്കണമെന്നാണ് ഉത്തരവിൽ പറയുന്നത്. തീപിടുത്തത്തിന്റെ ഇരകളുടെ ആരോഗ്യ സംരക്ഷണത്തിനും മറ്റ് പരിഹാര നടപടികൾക്ക് ഉപയോഗിക്കണം. ഉത്തരവാദികളായ ഉദ്യോഗസ്ഥർക്ക് എതിരെ ക്രിമിനൽ നടപടി സ്വീകരിക്കണം എന്നുമാണ് ഉത്തരവിൽ പറയുന്നത്.