ഇത്രയും വലിയ തുക ഇപ്പോൾ അടക്കാനാവില്ല; ദേശീയ ഹരിത ട്രൈബ്യൂണൽ ഉത്തരവിനെതിരെ നിയമ നടപടിയ്‌ക്കൊരുങ്ങി കൊച്ചി മേയർ

Saturday 18 March 2023 9:50 AM IST

കൊച്ചി: ബ്രഹ്മപുരം തീപിടിത്തത്തിൽ ദേശീയ ഹരിത ട്രൈബ്യൂണൽ ഉത്തരവിനെതിരെ നിയമ നടപടിയ്‌ക്കൊരുങ്ങി കൊച്ചി മേയർ എം അനിൽകുമാർ. ഇത്രയും വലിയ തുക ഇപ്പോൾ അടക്കാനാവില്ലെന്നും അദ്ദേഹം വ്യക്തമാക്കി. സംഭവത്തിൽ കൊച്ചി കോർപറേഷന് 100 കോടി രൂപയാണ് ഹരിത ട്രൈബ്യൂണൽ പിഴയിട്ടത്.


തുക ചീഫ് സെക്രട്ടറിക്ക് കൈമാറാനാണ് നിർദേശം. ഉത്തരവാദികളായ ഉദ്യോഗസ്ഥർക്കെതിരെ ക്രിമിനൽ നടപടിയെടുക്കണമെന്നും ഉത്തരവിൽ പറയുന്നു. വിഷയത്തിൽ എന്തുകൊണ്ട് ധാർമിക ഉത്തരവാദിത്തം സർക്കാർ ഏറ്റെടുക്കുന്നില്ലെന്നും ട്രൈബ്യൂണൽ വിമർശിച്ചിരുന്നു.


വായുവിലും ചതുപ്പിലും മാരക വിഷപദാർത്ഥം കണ്ടെത്തിയെന്നും ഹരിത ട്രൈബ്യൂണൽ അറിയിച്ചു. ബ്രഹ്മപുരത്ത് കൃത്യതയുള്ള പ്ലാന്റ് വേണമെന്നും നിർദേശം നൽകിയിട്ടുണ്ട്. തീപിടിത്തം കൈകാര്യം ചെയ്യുന്നതിൽ സംസ്ഥാന സർക്കാരിന് വൻ വീഴ്‌ച സംഭവിച്ചെന്നും ആവശ്യം വന്നാൽ അഞ്ഞൂറ് കോടി രൂപ പിഴയീടാക്കുമെന്നും ദേശീയ ഹരിത ട്രൈബ്യൂണൽ ഇന്നലെ മുന്നറിയിപ്പ് നൽകിയിരുന്നു.