കാട്ടാന ആക്രമണങ്ങളിൽ മരണം തുടരുന്നു; ആറളം ഫാമിൽ നാട്ടുകാരും ഉദ്യോഗസ്ഥരും തമ്മിൽ സംഘർഷം
Saturday 18 March 2023 3:18 PM IST
കണ്ണൂർ: ആറളം ഫാമിൽ നാട്ടുകാരും ഉദ്യോഗസ്ഥരും തമ്മിൽ സംഘർഷം. കാട്ടാനയുടെ ആക്രമണത്തിൽ മരിച്ചയാളുടെ സംസ്കാരത്തിനിടെയാണ് നാട്ടുകാർ പ്രതിഷേധിച്ചത്. തുടർച്ചയായി ഉണ്ടാക്കുന്ന കാട്ടാന ആക്രമണങ്ങൾക്ക് ഉദ്യോഗസ്ഥർ നടപടി സ്വീകരിക്കാത്തതിനാലാണ് നാട്ടുകാർ കടുത്ത പ്രതിഷേധുമായി രംഗത്തെത്തിയത്.
വനംവകുപ്പ് ഉദ്യോഗസ്ഥരോടും പൊലീസിനോടും സ്ഥലത്ത് നിന്ന് പുറത്തുപോകാൻ പോകാൻ നാട്ടുകാർ ആവശ്യപ്പെട്ടു. കഴിഞ്ഞ കുറച്ച് വർഷങ്ങളായി 12 പേരാണ് ആറളം ഫാം മേഖലയിൽ ആനയുടെ ആക്രണത്തിൽ കൊല്ലപ്പെട്ടത്. പൊലീസ് പിൻമാറിയെങ്കിലും ജനങ്ങൾ ഇവിടെ നിന്ന് പിരിഞ്ഞ് പോയിട്ടില്ല.
ഇന്നലെയാണ് ആറളം ഫാം പുനരധിവാസ മേഖലയിലെ പത്താം ബ്ലോക്കിൽ രഘു എന്ന യുവാവ് കാട്ടാനയുടെ ചവിട്ടേറ്റ് മരിച്ചത്. വിറക് ശേഖരിക്കാൻ പോയപ്പോഴാണ് സംഭവം നടന്നത്. രഘുവിന്റെ മരണത്തെ തുടർന്ന് ഇന്ന് ആറളത്ത് ഹർത്താലായിരുന്നു.