നെടുമ്പാശേരിയിൽ സ്വർണവേട്ട: ഒന്നേകാൽ കോടിയുടെ സ്വർണംപിടിച്ചു

Sunday 19 March 2023 12:48 AM IST

നെടുമ്പാശേരി: കൊച്ചി രാജ്യാന്തര വിമാനത്താവളത്തിൽ രണ്ട് യാത്രക്കാരിൽനിന്നായി ഒന്നേകാൽ കോടിയോളം രൂപ വിലവരുന്ന 2.6 കിലോ സ്വർണം എയർ കസ്റ്റംസ് ഇന്റലിജൻസ് വിഭാഗം പിടികൂടി. ഇൻഡിഗോ വിമാനത്തിൽ ഇന്നലെ രാവിലെ അബുദാബിയിൽ നിന്നെത്തിയ മലപ്പുറം സ്വദേശി സജീർ ശരീരത്തിൽ രണ്ടിടത്തായാണ് സ്വർണം ഒളിപ്പിച്ചിരുന്നത്.

1158.55ഗ്രാം സ്വർണമിശ്രിതം നാല് കാപ്‌സ്യൂളുകളാക്കി ശരീരത്തിൽ ഒളിപ്പിച്ചതിന് പുറമെ അടിവസ്ത്രത്തിൽ 636.85 ഗ്രാം സ്വർണം കുഴമ്പുരൂപത്തിലാക്കി തേയ്ച്ച് പിടിപ്പിച്ചിരുന്നു. ആദ്യമായാണ് ഒരാൾ രണ്ട് തരത്തിൽ സ്വർണം കടത്താൻ ശ്രമിച്ച് പിടിയിലാകുന്നതെന്ന് കസ്റ്റംസ് അധികൃതർ പറഞ്ഞു.

മറ്റൊരു കേസിൽ മലപ്പുറം സ്വദേശി അബ്ദുൾ സലീമിൽ നിന്നുമാണ് കസ്റ്റംസ് 873.98 ഗ്രാം സ്വർണം പിടിച്ചത്. എയർ ഇന്ത്യ എക്‌സ്‌പ്രസ് വിമാനത്തിൽ അബുദാബിയിൽ നിന്നാണ് അബ്ദുൾ സലീം നെടുമ്പാശേരിയിലെത്തിയത്. സ്വർണം മൂന്ന് കാപ്‌സ്യൂളുകളിൽ നിറച്ചാണ് കൊണ്ടുവന്നത്.