ലാ ലിഗയിൽ എൽ ക്ളാസിക്കോ

Saturday 18 March 2023 8:30 PM IST

ബാഴ്സലോണ Vs റയൽ മാഡ്രിഡ്

ഇന്ത്യൻ സമയം തിങ്കളാഴ്ച പുലർച്ചെ 1.30 മുതൽ

ബാഴ്സലോണ : സ്പാനിഷ് ലാ ലിഗ ഫുട്ബാളിൽ ഇന്ന് വമ്പന്മാരായ ബാഴ്സലോണയും റയൽ മാഡ്രിഡും കൊമ്പുകോർക്കുന്ന എൽ ക്ളാസിക്കോയുടെ ആരവം. ഇന്ത്യൻ സമയം തിങ്കളാഴ്ച പുലർച്ചെ ഒന്നരയ്ക്കാണ് ക്ളബ് ഭീമന്മാരുടെ പോരാട്ടം. ബാഴ്സലോണയുടെ തട്ടകമായ കാംപ് നൗ സ്റ്റേഡിയത്തിലാണ് മത്സരം നടക്കുന്നത്.

ഈ സീസൺ ലാ ലിഗയിൽ റയലും ബാഴ്സയും തമ്മിലുള്ള രണ്ടാമത്തെ പോരാട്ടമാണിത്. കഴിഞ്ഞ വർഷം ഒക്ടോബർ 16ന് നടന്ന മത്സരത്തിൽ റയൽ സ്വന്തം തട്ടകത്തിൽ 3-1ന് ബാഴ്സയെ തോൽപ്പിച്ചിരുന്നു.

ഈ വർഷം ഇത് മൂന്നാം തവണയാണ് റയലും ബാഴ്സയും ഏറ്റുമുട്ടാനൊരുങ്ങുന്നത്. നടന്ന രണ്ട് കളികളിലും ജയിച്ചത് ബാഴ്സ. ജനുവരിയിൽ സ്പാനിഷ് സൂപ്പർ കോപ്പ ഫൈനലിൽ 3-1നും കിംഗ്സ് കപ്പ് ആദ്യ പാദ സെമിയിൽ 1-0ത്തിനുമായിരുന്നു ബാഴ്സയുടെ ജയം.

അടുത്തമാസം ആറിന് കിംഗ്സ് കപ്പിന്റെ രണ്ടാം പാദ സെമിയിൽ രണ്ട് ടീമുകളും വീണ്ടും ഏറ്റുമുട്ടുന്നുണ്ട്. ഇത്തവണത്തേതുപോലെ ബാഴ്സയുടെ തട്ടകത്തിൽ വച്ചാണ് ആ മത്സരവും നടക്കുന്നത്.

സ്പാനിഷ് ലാ ലിഗയിൽ 25 മത്സരങ്ങളിൽ നിന്ന് 65 പോയിന്റുമായി ബാഴ്സലോണയാണ് ഒന്നാം സ്ഥാനത്ത്. നിലവിലെ ചാമ്പ്യന്മാരായ റയൽ മാഡ്രിഡ് 56 പോയിന്റുമായി രണ്ടാം സ്ഥാനത്തുണ്ട്.

വൂട്ട് സെലക്ട് ചാനലിലും ജിയോ ടിവിയിലും ലൈവ്