കംഗാരുക്കളോട് ഇന്ന് രണ്ടാമങ്കം

Saturday 18 March 2023 8:35 PM IST

വിശാഖപട്ടണത്തും ജയിച്ചാൽ ഇന്ത്യയ്ക്ക് പരമ്പര

ഇന്ത്യയെ നയിക്കാൻ രോഹിത് എത്തും

1.30pm മുതൽ സ്റ്റാർ സ്പോർട്സിൽ ലൈവ്

വിശാഖപട്ടണം : ഇന്ത്യയും ഓസ്ട്രേലിയയും തമ്മിലുള്ള മൂന്ന് ഏകദിനങ്ങളുടെ പരമ്പരയിലെ രണ്ടാം മത്സരം ഇന്ന് വിശാഖപട്ടണത്ത് നടക്കും. കഴിഞ്ഞ ദിവസം മുംബയ്‌യിൽ നടന്ന ആദ്യ മത്സരത്തിൽ അഞ്ചുവിക്കറ്റിന് ജയിച്ച് ഇന്ത്യ പരമ്പരയിൽ മികച്ച തുടക്കമിട്ടിരുന്നു. ബുധനാഴ്ച ചെന്നൈയിലാണ് അവസാന ഏകദിനം.

വ്യക്തിപരമായ കാരണങ്ങളാൽ വാങ്കഡെയിലെ ആദ്യ മത്സരത്തിൽ നിന്ന് വിട്ടുനിന്ന ഇന്ത്യൻ നായകൻ രോഹിത് ശർമ്മ ഇന്ന് തിരിച്ചെത്തും. വാങ്കഡെയിൽ ബൗളിംഗിലും ബാറ്റിംഗിലും അച്ചടക്കം പുലർത്താൻ കഴിഞ്ഞത് ഇന്ത്യയ്ക്ക് ആത്മവിശ്വാസം പകരുന്നുണ്ട്. ഓസ്ട്രേലിയയെ 188 റൺസിൽ ആൾഒൗട്ടാക്കാൻ കഴിഞ്ഞതാണ് പ്രധാനനേട്ടം. മൂന്ന് വിക്കറ്റുവീതം വീഴ്ത്തിയ പേസർമാരായ ഷമിയുടെയും സിറാജിന്റെയും പ്രകടനം തുടരാനായാൽ ടീമിന് നേട്ടമാകും. ഹാർദിക് ,ശാർദൂൽ എന്നിവർ പേസ് ബൗളിംഗിലും ജഡേജ,കുൽദീപ് എന്നിവർ സ്പിൻ ബൗളിംഗിലും കരുത്താണ്.

ഏകദിന ടീമിലേക്കുള്ള തിരിച്ചുവരവ് മാൻ ഒഫ്ദമാച്ച് നേടി ജഡേജ വാങ്കഡെയിൽ ഗംഭീരമാക്കിയിരുന്നു. 69 പന്തുകളിൽ 45 റൺസുമായി ചേസിംഗിൽ കെ.എൽ രാഹുലിന് മികച്ച പിന്തുണ നൽകിയ ജഡേജ രണ്ട് വിക്കറ്റുകളും വീഴ്ത്തിയിരുന്നു. ടെസ്റ്റ് പരമ്പരയിൽ ഫോമില്ലായ്മമൂലം സ്ഥാനം നഷ്ടമായ കെ.എൽ രാഹുലിന്റെ തിരിച്ചുവരവിനും വാങ്കഡെ വേദിയായി. 91 പന്തുകളിൽ പുറത്താവാതെ 75 റൺസാണ് രാഹുൽ നേടിയത്. രോഹിതിന്റെ തിരിച്ചുവരവ് മുൻനിര ബാറ്റിംഗിലെ പോരായ്മകൾക്ക് പരിഹാരമാകുമെന്നാണ് പ്രതീക്ഷകൾ.

നാലാം ടെസ്റ്റിൽ മികച്ച ബാറ്റിംഗ് പ്രകടനം കാഴ്ചവച്ച ഓസ്ട്രേലിയയ്ക്ക് തൊട്ടുപിന്നാലെ ഏകദിന ഫോർമാറ്റിൽ ആ മികവ് നിലനിറുത്താനാവാത്തത് ആശങ്ക സൃഷ്ടിച്ചിട്ടുണ്ട്. നായകനായ സ്റ്റീവൻ സ്മിത്ത്, മാർനസ് ലാബുഷേയ്ൻ, ഇന്ത്യൻ സാഹചര്യങ്ങൾ ശരിക്കറിയാവുന്ന ഗ്ളെൻ മാക്സ്‌വെൽ,കാമറൂൺ ഗ്രീൻ,മിച്ചൽ മാർഷ് തുടങ്ങിയ മികച്ച ബാറ്റർമാർ ഓസീസ് നിരയിലുണ്ട്.

Advertisement
Advertisement