തിരക്കേറിയാൽ ടോൾ ഒഴിവാക്കണം
Sunday 19 March 2023 12:08 AM IST
കൊച്ചി: ടോൾ പ്ളാസകളിൽ വാഹനനിര നൂറു മീറ്ററിലേറെ നീണ്ടാൽ ഗതാഗതക്കുരുക്ക് ഒഴിവാക്കാനായി ടോൾ വാങ്ങാതെ അവയെ കടത്തിവിടണമെന്ന ദേശീയ പാതാ അതോറിറ്റിയുടെ മാർഗനിർദ്ദേശം നടപ്പാക്കുന്നത് കേന്ദ്ര സർക്കാർ പരിഗണിക്കണമെന്ന് ഹൈക്കോടതി. തൃശൂർ പാലിയേക്കര ടോൾ പ്ളാസയിലൂടെ വാഹനങ്ങൾ കടത്തിവിടാൻ വൈകുന്നത് ഗതാഗതക്കുരുക്കിന് കാരണമാകുന്നെന്നാരോപിച്ച് പാലക്കാട് സ്വദേശി നിതിൻ രാമകൃഷ്‌ണൻ നൽകിയ അപ്പീലിൽ ജസ്റ്റിസ് മുഹമ്മദ് മുഷ്താഖ്, ജസ്റ്റിസ് ശോഭ അന്നമ്മ ഈപ്പൻ എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ചാണ് ഇക്കാര്യം പറഞ്ഞത്. ഇക്കാര്യത്തിൽ നിലപാട് അറിയിക്കാമെന്ന് കേന്ദ്ര സർക്കാരിന്റെ അഭിഭാഷകൻ അറിയിച്ചതിനെത്തുടർന്ന് ഹർജി മാറ്റി.