ഗ്രീൻ ട്രൈബ്യൂണൽ പിഴ ഉത്തരവാദികളിൽ നിന്ന് ഈടാക്കണം: സതീശൻ

Sunday 19 March 2023 12:28 AM IST

നെടുമ്പാശേരി: ദേശീയ ഹരിത ട്രൈബ്യൂണൽ വിധി സർക്കാരിനും നഗരസഭയ്ക്കുമേറ്റ തിരിച്ചടിയാണെന്നും നിയമസഭയ്ക്ക് അകത്തും പുറത്തും പ്രതിപക്ഷം ചൂണ്ടിക്കാണിച്ചത് സാധൂകരിക്കുന്നതാണെന്നും പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. 2020ൽ ഇറക്കിയ ഉത്തരവിലൂടെ പഴകിയ പ്ളാസ്റ്റിക് മാലിന്യം നീക്കം ചെയ്യുന്നതിന്റെ ഉത്തരവാദിത്വം സംസ്ഥാന സർക്കാർ ഏറ്റെടുത്തതാണ്. സർക്കാരും മേൽനോട്ടം വഹിക്കേണ്ട നഗരസഭയും മൂന്ന് കൊല്ലമായി ദയനീയമായി പരാജയപ്പെട്ടു. ഇവരുടെ പരാജയത്തിന്റെ പിഴ ജനങ്ങളിൽ നിന്ന് നൽകാൻ അനുവദിക്കില്ല. ഉത്തരവാദികളായവരാണ് പിഴ നൽകേണ്ടത്. ജനങ്ങൾ നൽകുന്ന നികുതിപ്പണത്തിൽ നിന്ന് പിഴ നൽകി കരാറുകാരെ രക്ഷിക്കാനാണ് സർക്കാർ ഇപ്പോഴും ശ്രമിക്കുന്നത്.