പ്ളസ് ടു ഫി​സി​ക്സ് പരീക്ഷയ്ക്ക് ചോദ്യപേപ്പറി​ന് രണ്ട് നി​റം

Sunday 19 March 2023 12:00 AM IST

തിരുവനന്തപുരം: ഇന്നലെ നടന്ന പ്ളസ് ടു ഫി​സി​ക്സ് പരീക്ഷയുടെ ചോദ്യക്കടലാസി​ന് രണ്ട് നി​റം. തി​രുവനന്തപുരത്തും കോഴി​ക്കോടുമാണ് വെള്ളയിൽ കറുപ്പും മഞ്ഞയിൽ കറുപ്പും നിറങ്ങളിലായുള്ള ചോദ്യപേപ്പറുകൾ ലഭി​ച്ചത്. ഒരു പരീക്ഷയ്ക്ക് രണ്ടു ചോദ്യക്കടലാസ് ലഭി​ച്ചത് വിദ്യാർത്ഥികളെയും അദ്ധ്യാപകരെയും ഒരുപോലെ വലച്ചു. എന്താണ് സംഭവി​ച്ചതെന്ന് അന്വേഷി​ക്കുമെന്നാണ് വി​ദ്യാഭ്യാസ വകുപ്പ് നൽകുന്ന മറുപടി​. പലതരം ചോദ്യക്കടലാസുകൾ വിതരണം ചെയ്യപ്പെട്ടത് പരീക്ഷാനടത്തിപ്പിലെ പിടിപ്പുകേടാണെന്ന് അദ്ധ്യാപകർ വിമർശിച്ചു.
പരീക്ഷയുടെ തുടക്കത്തിൽ പ്ലസ് വൺ വിദ്യാർത്ഥികൾക്ക് മെറൂൺ​ നിറമുള്ള ചോദ്യക്കടലാസ് നൽകി​യത് രണ്ടു പരീക്ഷകൾ ഒന്നിച്ചു നടക്കുന്നതിനാൽ ചോദ്യക്കടലാസുകൾ പരസ്പരം മാറാതിരിക്കാനെന്നായി​രുന്നു മന്ത്രി നൽകി​യ വിശദീകരണം. ഇക്കുറി​ ഒരു പരീക്ഷയ്ക്കാണ് രണ്ടു നിറമുള്ള ചോദ്യക്കടലാസുകൾ. ഇതിന് കൃത്യമായ വി​ശദീകരണവുമി​ല്ല.


പരീക്ഷാ നടത്തിപ്പിലെ പിഴവു വ്യക്തമാണ്. മന്ത്രിയുടെയും വിദ്യാഭ്യാസ വകുപ്പിന്റെയും മുൻപ്രസ്താവനകളും മുഖവിലയ്‌ക്കെടുക്കാനാവില്ല.

പാണക്കാട് അബ്ദുൾജലീൽ, കെ.എച്ച്.എസ്.ടി.യു സംസ്ഥാന സെക്രട്ടറി

ഹയർ സെക്കൻഡറി പരീക്ഷ അട്ടിമറിക്കാനാണ് ശ്രമം. സമഗ്രമായ അന്വേഷണം വേണം.

എസ്.മനോജ് , എ.എച്ച്.എസ്.ടി.എ ജനറൽ സെക്രട്ടറി