വൈദ്യുതി വകുപ്പ് ഉന്നതതല യോഗം, ഫ്യൂസൂരും മുമ്പ് മാനുഷിക പരിഗണന വേണ്ടിയിരുന്നു

Sunday 19 March 2023 12:00 AM IST

തിരുവനന്തപുരം: കൊല്ലം ആശ്രാമം മൈതാനത്തിന് സമീപം യുവസംരംഭകൻ രോഹിത്ത് എബ്രഹാം ആരംഭിച്ച ഐസ്‌ക്രീം പാർലറിന്റെ വൈദ്യുതി 214 രൂപ കുടിശികയുടെ പേരിൽ മുന്നറിയിപ്പില്ലാതെ വിച്ഛേദിച്ച സംഭവത്തിൽ നടപടി ചർച്ച ചെയ്യാൻ വൈദ്യുതി വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരുടെ യോഗം ചേർന്നു. കെ.എസ്.ഇ.ബി നടപടിയിൽ മാനുഷിക പരിഗണന വേണമായിരുന്നുവെന്ന് ഉദ്യോഗസ്ഥർ അഭിപ്രായപ്പെട്ടു. ജനങ്ങളെ ബുദ്ധിമുട്ടിലാക്കുന്ന പ്രവർത്തനം ഉണ്ടാകരുത്. കുടിശികയുടെ പേരിൽ വൈദ്യുതി ബില്ലടയ്‌ക്കാൻ സമയം കൊടുക്കുന്നില്ലെന്ന ആക്ഷേപം പൊതുവെയുണ്ടെന്നും അഭിപ്രായമുയർന്നു. മന്ത്രി കെ.കൃഷ്‌ണൻകുട്ടിയുടെ നിർദ്ദേശത്തെ തുടർന്നായിരുന്നു യോഗം.

കെ.എസ്.ഇ.ബി ചെയർമാൻ രാജൻ ഖോബ്രഗഡെ മന്ത്രി കൃഷ്‌ണൻകുട്ടിയുമായി നാളെ കൂടിക്കാഴ്‌ച നടത്തും. സംഭവവുമായി ബന്ധപ്പെട്ട വിശദറിപ്പോർട്ട് മന്ത്രിക്ക് കൈമാറുമെന്നാണ് വിവരം. അതേസമയം, ഫ്യൂസൂരിയത് ഐസ്‌ക്രീം പാർലറാണെന്ന് അറിയാതെയാണെന്നാണ് കെ.എസ്.ഇ.ബി കടപ്പാക്കട സെക്ഷൻ ഓഫീസ് അധികൃതരുടെ വിശദീകരണം. രോഹിത്തിന് മുമ്പ് കട നടത്തിയിരുന്ന അൻസാരിയുടെ മൊബൈലിലേക്കാണ് മെസേജ് അയച്ചത്. ഇയാളെ ഫോണിൽ ബന്ധപ്പെട്ടെങ്കിലും കിട്ടിയില്ല. നിയമപരമായി തങ്ങൾ ചെയ്‌തത് ശരിയാണെന്നും ഓഫീസിലെ ഉദ്യോഗസ്ഥർ പറയുന്നു.

രാജൻ ഖോബ്രഗഡെ മന്ത്രിക്ക് സമർപ്പിക്കുന്ന റിപ്പോർട്ടിൽ ഇക്കാര്യം പരാമർ‌ശിക്കുന്നതിനൊപ്പം വൈദ്യുതി ബന്ധം വിച്ഛേദിക്കുന്നതിന് മുമ്പ് ഏർപ്പെടുത്തേണ്ട മാനദണ്ഡം സംബന്ധിച്ച കരട് നിർദ്ദേശവുമുണ്ടാകും. മന്ത്രിയുമായി സംസാരിച്ചശേഷമാകും അന്തിമ തീരുമാനം. മാനദണ്ഡം നിശ്‌ചയിക്കാൻ സമിതിയെ നിയോഗിക്കാനും സാദ്ധ്യതയുണ്ട്. കെട്ടിടം ഉടമയായ സാറാമ്മ മാത്യുവിനാണ് എസ്.എം.എസ് അയച്ചത് എന്നായിരുന്നു കെ.എസ്.ഇ.ബി അധികൃതരുടെ തുടക്കത്തിലെ വിശദീകരണം. എന്നാൽ ഇത് തള്ളി സാറാമ്മ രംഗത്തെത്തിയതോടെയാണ് അധികൃതർ മലക്കം മറിഞ്ഞത്.