 കെ.ടി​.യുവി​ൽ ചട്ടം പാലി​ക്കൽ ഗവർണർ ഷോകോസ് നോട്ടീസ് നൽകും

Sunday 19 March 2023 12:00 AM IST

തിരുവനന്തപുരം: സാങ്കേതിക സർവകലാശാലാ വി​.സി​ പ്രൊഫ. സിസാ തോമസിന്റെ ദൈനംദിന പ്രവർത്തനങ്ങൾ നിരീക്ഷിക്കാൻ ഉപസമിതിയെ നിയോഗിച്ച സിൻഡിക്കേറ്റ് തീരുമാനം നടപ്പാക്കുന്നത് മരവിപ്പിച്ച നടപടി ഹൈക്കോടതി റദ്ദാക്കിയതോടെ, ചട്ടപ്രകാരം സിൻഡിക്കേറ്റിനും ബോർഡ് ഒഫ് ഗവേണേഴ്സിനും കാരണം കാണിക്കൽ നോട്ടീസ് നൽകാൻ ഗവർണർ. നോട്ടീസ് നൽകാതെയുള്ള ഗവർണറുടെ നടപടി നിയമപരമല്ലെന്നും ചട്ടപ്രകാരം ഗവർണർക്ക് നടപടികളെടുക്കാമെന്നും ഹൈക്കോടതി വ്യക്തമാക്കിയിരുന്നു. സി​ൻഡി​ക്കേറ്റംഗം ഐ.ബി. സതീഷ് എം.എൽ.എയാണ് ഹൈക്കോടതിയെ സമീപിച്ചത്.

വി.സിയെ നിരീക്ഷിക്കാനുള്ള ഉപസമിതി സർവകലാശാലാ നിയമത്തിനും ചട്ടത്തിനും വിരുദ്ധമാണെന്ന് വിലയിരുത്തിയാണ് ഗവർണർ നടപടിയെടുത്തത്. ആക്ടിലെ 14 (5)സെക്ഷൻ പ്രകാരം വി.സിയും മറ്റ് അധികാരികളുമായി​ തർക്കമുണ്ടായാൽ അതിൽ ചാൻസലറുടെ തീരുമാനമാണ് അന്തിമമെന്നും നോട്ടീസ് നൽകിയ ശേഷം തീരുമാനം റദ്ദാക്കി വീണ്ടും ഉത്തരവിറക്കാമെന്നും ഗവർണർക്ക് നിയമോപദേശം കിട്ടിയിട്ടുണ്ട്. വാഴ്സിറ്റിയിലെ സ്ഥലംമാറ്റ ഉത്തരവുകൾ നടപ്പാക്കുന്നത് നീട്ടിവയ്ക്കണമെന്ന ബോർഡ് ഒഫ് ഗവേണേഴ്‌സ് തീരുമാനം സസ്‌പെൻഡ് ചെയ്ത ഗവർണറുടെ നടപടിയും ഹൈക്കോടതി റദ്ദാക്കിയിട്ടുണ്ട്. ഇതിലും ബന്ധപ്പെട്ട കക്ഷികൾക്ക് നോട്ടീസ് നൽകിയശേഷം തുടർനടപടികളുണ്ടാവും.