ഭക്ഷ്യ ഭദ്രത ഉറപ്പുവരുത്തും: മന്ത്രി ജി.ആർ.അനിൽ
കോഴിക്കോട്: സംസ്ഥാന ഭക്ഷ്യകമ്മിഷന്റെ പ്രഥമ ഭക്ഷ്യഭദ്രതാ പുരസ്‌കാരം ജൈവ കർഷകനും പദ്മശ്രീ ജേതാവുമായ ചെറുവയൽ രാമന് ഭക്ഷ്യ-പൊതുവിതരണ മന്ത്രി ജി.ആർ.അനിൽ സമ്മാനിച്ചു. ഭക്ഷ്യ-പോഷകാഹാര ഭദ്രത ഉറപ്പുവരുത്തുകയാണ് സർക്കാരിന്റെ ലക്ഷ്യമെന്ന് മന്ത്രി പറഞ്ഞു. കേരളത്തിൽ ഉത്പാദിപ്പിക്കുന്ന തവിടിന്റെ അംശം കൂടുതലുള്ള അരി റേഷൻ കടകളിലൂടെ ലഭ്യമാക്കാൻ ശ്രമിക്കും. ചെറു ധാന്യങ്ങൾ പൊതുവിതരണത്തിന്റെ ഭാഗമാക്കാൻ നടപടി സ്വീകരിക്കും. റേഷൻ കാർഡില്ലാത്ത മുഴുവൻ പേർക്കും റേഷൻ കാർഡുകൾ നൽകുമെന്നും മന്ത്രി പറഞ്ഞു. തോട്ടത്തിൽ രവീന്ദ്രൻ എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു.
ഭക്ഷ്യ പൊതുവിതരണ ഉപഭോക്തൃകാര്യ സെക്രട്ടറി അലി അസ്ഗർ പാഷ മംഗളപത്രം സമർപ്പിച്ചു. സംസ്ഥാന ഭക്ഷ്യകമ്മിഷൻ ചെയർമാൻ കെ.വി.മോഹൻ കുമാർ ഭക്ഷ്യ ഭദ്രതാ പുരസ്‌കാര രൂപരേഖ അവതരിപ്പിച്ചു. മേയർ ഡോ. ബീന ഫിലിപ്പ്, പുരസ്‌കാര നിർണയ കമ്മിറ്റി അംഗം ഡോ. ജി.എസ്. ശ്രീദയ, വാർഡ് കൗൺസിലർ എസ്.കെ. അബൂബക്കർ, ഭക്ഷ്യ കമ്മിഷൻ അംഗങ്ങളായ വി. രമേശൻ, കെ.ദിലീപ് കുമാർ, എം.വിജയലക്ഷ്മി, അഡ്വ.സബീദാ ബീഗം, എ.ഡി.എം സി. മുഹമ്മദ് റഫീഖ്, വിദ്യാഭ്യാസ ഉപഡയറക്ടർ സി. മനോജ് കുമാർ, ജില്ലാ സപ്ലൈ ഓഫീസർ കെ.രാജീവ്, വനിതാ ശിശു വികസനം ജില്ലാ പ്രോഗ്രാം ഓഫീസർ പി.പി.അനിത തുടങ്ങിയവർ പ്രസംഗിച്ചു. ഭക്ഷ്യ കമ്മിഷൻ അംഗം പി വസന്തം സ്വാഗതവും മെമ്പർ സെക്രട്ടറി ശ്രീജ കെ.എസ് നന്ദിയും പറഞ്ഞു.