ഓച്ചിറ പരബ്രഹ്മ ക്ഷേത്ര ഭരണസമിതി; ജാതി വിവേചനത്തിനെതിരെ ഇരമ്പിയൊഴുകി ജനരോഷം

Sunday 19 March 2023 1:32 AM IST

കായംകുളം: ഓച്ചിറ പരബ്രഹ്മക്ഷേത്ര ഭരണസമിതിയിലെ ജാതി വിവേചനത്തിനെതിരെ ഭക്തജനരോഷം ഇരമ്പി. എസ്.എൻ.ഡി.പി യോഗം കായംകുളം, കരുനാഗപ്പള്ളി, ചാരുംമൂട് യൂണിയനുകളുടെ സംയുക്താഭിമുഖ്യത്തിൽ പതിനായിരത്തോളം ഭക്തജനങ്ങൾ പങ്കെടുത്ത നാമജപയജ്ഞവും ഭക്തജന സംഗമവും പരബ്രഹ്മ സങ്കേതത്തിൽ നടന്നു.

ക്ഷേത്രത്തിൽ നിലവിലുണ്ടായിരുന്ന നിയമാവലി പ്രകാരം 40 ശതമാനം വീതം ഈഴവർക്കും നായർ സമുദായത്തിനും 10 ശതമാനം ധീവരവിഭാഗത്തിനും 10 ശതമാനം പൊതുഹിന്ദുവിനും പ്രതിനിദ്ധ്യമുണ്ടായിരുന്നു. എന്നാൽ ഇപ്പോൾ റിസീവറെ സഹായിക്കാനുള്ള സബ് കമ്മറ്റി രൂപീകരിച്ചപ്പോൾ ഈഴവ സമുദായത്തെ പൂർണമായും ഒഴിവാക്കിയതിലാണ് പ്രതിഷേധം.

കായംകുളം, ചാരുംമൂട് യൂണിയനുകളുടെ നേതൃത്വത്തിൽ ക്ഷേത്രത്തിന്റെ വടക്കും കരുനാഗപ്പള്ളി യൂണിയന്റെ നേതൃത്വത്തിൽ തെക്കും കേന്ദ്രീകരിച്ച ഭക്തർ നാമജപത്തോടെ ക്ഷേത്രത്തിലേക്കെത്തി. മുതിർന്നവരും സ്ത്രീകളും കുട്ടികളും നടത്തിയ നാമജപപ്രതിഷേധം പരബ്രഹ്മ സങ്കേതം ഭക്തിസാന്ദ്രമാക്കി. തുടർന്ന് നടന്ന സംഗമം എസ്.എൻ.ഡി.പി യോഗം കൗൺസിലർ പി.ടി. മൻമഥൻ ഉദ്ഘാടനം ചെയ്തു. കരുനാഗപ്പള്ളി യൂണിയൻ പ്രസിഡന്റ് കെ. സുശീലൻ അദ്ധ്യക്ഷത വഹിച്ചു. കായംകുളം യൂണിയൻ പ്രസിഡന്റ് വി. ചന്ദ്രദാസ്, സെക്രട്ടറി പി. പ്രദീപ് ലാൽ, കരുനാഗപ്പള്ളി യൂണിയൻ സെക്രട്ടറി എ. സോമരാജൻ, ചാരുംമൂട് യൂണിയൻ ചെയർമാൻ ജയകുമാർ പാറപ്പുറം, കൺവീനർ സത്യപാൽ എന്നിവർ സംസാരിച്ചു.

ശക്തമായ താക്കീത്

ഇന്നലെ ഓച്ചിറ പരബ്രഹ്മക്ഷേത്ര സങ്കേതത്തിൽ നടന്ന ശ്രീനാരായണീയരുടെ പ്രതിഷേധം ജാതി വിവേചനത്തിനെതിരെ ശക്തമായ താക്കീതായി. നിരവധി സമരങ്ങളിലൂടെ ലഭിച്ച സ്വാതന്ത്ര്യവും സമത്വവും അടിയറവ് വയ്ക്കില്ലന്ന് ഭക്തർ ഒരേസ്വരത്തിൽ പറഞ്ഞു. ബി.ജെ.പിയുടെ ചില പ്രാദേശിക നേതാക്കൾക്ക് ഗൂഢാലോചനയിൽ പങ്കുണ്ടന്ന വിമർശനവും ഉയർന്നു.

Advertisement
Advertisement